കോഴിക്കോട്: ഉത്സവ പറമ്പുകളിലെ നിത്യ കാഴ്ചകളായിരുന്നു ബലൂൺ വള മാല തുടങ്ങിയവ. ഉത്സവം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ എന്തെങ്കിലുമൊന്ന് വാങ്ങാതെ പോകുന്നവർ ചുരുക്കമാണ്. എന്നാൽ കഴി‌ഞ്ഞ രണ്ടുവർഷമായി അതല്ല അവസ്ഥ. വീണ്ടുമൊരു കാലം ഉത്സവകാലംകൂടി കടന്നുപോകുമ്പോൾ ഒമിക്രോൺ നിരക്ക് ദിനം പ്രതി വർദ്ധിക്കുന്നത് ഉത്സവപറമ്പുകളിലെ വ്യാപാരികളെ വീണ്ടും ആശങ്കയിലാക്കുകയാണ്.

ഡിസംബറിൽ അയ്യപ്പൻ വിളക്കോടു കൂടി ആരംഭിക്കുന്ന ഉത്സവ സീസൺ മേയിൽ ആണ് അവസാനിക്കുക. അമ്പലങ്ങളിൽ ഉത്സവങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒരു കമ്മിറ്റിക്കാരും പഴയപോല ഉത്സവ വ്യാപാരികളെ വിളിക്കാത്ത സാഹചര്യമാണ്. അങ്ങോട്ട് സമീപിക്കുമ്പോൾ ആരോഗ്യവകുപ്പിൽ നിന്നും അനുമതി കിട്ടിയിട്ടില്ല, ഞങ്ങൾക്ക് ഉത്സവം നടത്തിയാൽ മതി എന്നും പറഞ്ഞ് കയ്യൊഴിയുകയാണ് കമ്മിറ്റി ഭാരവാഹികൾ.

സ്വന്തം റിസ്കിൽ അമ്പലങ്ങളോട് ചേർന്ന് കടയിടാൻ പലർക്കും സാധിക്കാറില്ല. അങ്ങനെ നടത്തുന്നവർക്ക് തന്നെ ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ കച്ചവടം തീരെയും കിട്ടുന്നില്ലെന്ന അവസ്ഥയായി. ബുക്കിംഗുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പരിശീലനം ആരംഭിച്ച കലാസംഘങ്ങളും ആശങ്കയിലാണ്. നിയന്ത്രണത്തിന്റെ ഇളവുകളുടെ പിൻബലത്തിൽ തിരിച്ചു വരവ് പ്രതീക്ഷിച്ചവരെല്ലാം തിരിച്ചടിയിൽ നിരാശരായി. വീണ്ടുമൊരു അടച്ചുപൂട്ടൽ ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും തങ്ങൾക്ക് പ്രയോജനമൊന്നുമില്ലെന്ന ദുഖത്തിലാണ് ഉത്സവ വ്യാപാരികൾ.

''ഉത്സവ സീസണാണ് കടന്ന് പോകുന്നത്. നിയന്ത്രണങ്ങളിൽ അയവ് വരുത്തിയപ്പോൾ അല്പം ആശ്വാസമുണ്ടായിരുന്നു. എന്നാൽ അതും വെറുതെയായി. ദാരിദ്രയത്തിൽ നിന്ന് ദാരിദ്ര്യത്തിലേക്കാണ് പോകുന്നത് "" ടി.വി ശിവൻ , സെക്രട്ടറി, ഉത്സവ് വ്യാപാരി വ്യവസായ സമിതി