2
രാഹുൽ ഗാന്ധിയുടെ അഭിനന്ദനക്കത്ത് ഷാജി പാപ്പന് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ കൈമാറിയപ്പോൾ

കോഴിക്കോട്: നാടിനെ വലിയ ദുരന്തത്തിൽ നിന്നു രക്ഷിച്ച ഷാജി പാപ്പന് അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി എം.പി.

ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ ഇന്നലെ കോടഞ്ചേരിയിൽ ഷാജിയുടെ വീട്ടിലെത്തി രാഹുലിന്റെ കത്ത് കൈമാറി.

ഓട്ടത്തിനിടെ തീപിടിച്ച വൈക്കോൽ ലോറിയിൽ നിന്നു ഡ്രൈവർ ചാടിയിറങ്ങിയതോടെ കോടഞ്ചേരി അങ്ങാടിയെ അഗ്നിബാധയിൽ നിന്നു രക്ഷിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു ഷാജി പാപ്പൻ. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ലോറി പെട്ടെന്ന് സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലേക്ക് കയറ്റിയ ഷാജി പാപ്പൻ വട്ടംചുറ്റിയും വെട്ടിച്ചും ഓടിച്ച് വൈക്കോൽ തീക്കെട്ടുകൾ പുറത്തേക്ക് വീഴ്ത്തുകയാണുണ്ടായത്.

'വൻദുരന്തം ഒഴിവാക്കിയ താങ്കളുടെ മനഃസാന്നിദ്ധ്യം ഏറെ പ്രശംസയർഹിക്കുന്നതായി രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി. താങ്കളുടെ ധീരതയെയും ദീർഘവീക്ഷണത്തെയും അഭിനന്ദിക്കുന്നു. ഇത്തരം നിസ്വാർത്ഥപ്രവൃത്തികളാണ് നമ്മെ ഒരു സമൂഹമെന്ന നിലയിൽ ഒന്നിപ്പിക്കുന്നത്. ഈ ഇടപെടലിലൂടെ പ്രതിസന്ധിഘട്ടങ്ങളിൽ മുന്നേറാൻ നിങ്ങൾ പലർക്കും പ്രചോദനമായി. കാരുണ്യ പ്രവർത്തനങ്ങളുമായി തുടർന്നും മുന്നേറാൻ കഴിയട്ടെയെന്നും കത്തിൽ ആശംസിക്കുന്നു.