meyor
ഡോ. ബീന ഫിലിപ്പ്

കോഴിക്കോട്: തോപ്പയിൽ ആവിക്കൽ തോടിന് സമീപം നിർമ്മിക്കുന്ന മ​ലി​ന​ജ​ല​ ​സം​സ്‌​ക​ര​ണ പ്ലാന്റുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ബലം പിടിച്ച് നടപ്പാക്കില്ല. എതിർപ്പുള്ളവരെ ബോധ്യപ്പെടുത്തും. ജനങ്ങളെ പരിഭ്രാന്തരാക്കുന്നവർക്ക് സദുദ്ദേശമല്ല. കൗൺസിൽ യോഗത്തിൽ എതിർപ്പ് ഉണ്ടായില്ലെന്നും മേയർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ കൂടെ നിൽക്കാമെന്ന് പറഞ്ഞവരും എതിർക്കുന്ന സ്ഥിതിയാണ്. പദ്ധതിയുടെ എല്ലാ നടപടിക്രമങ്ങളും പരിശോധനകളും പൂർത്തീകരിച്ചതാണ്. ചർച്ചയിൽ എസ്.ടി.പി വേണ്ടെന്ന് ആരും പറഞ്ഞില്ല. പക്ഷേ പ്ലാന്റ് നിർമ്മിക്കാൻ അനുവദിക്കില്ലെന്നാണ് ഇപ്പോൾ പറയുന്നത്. നഗരത്തിൽ കൂടുതൽ ഇടങ്ങളിൽ എസ്.ടി.പി നടപ്പാക്കുമെന്ന് മേയർ വ്യക്തമാക്കി.

കൂടുതൽ ആവശ്യമുള്ളതും അനുയോജ്യമായതുമായ സ്ഥലം എന്ന നിലയ്ക്കാണ് ആവിക്കലിൽ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് എഗ്രിമെന്റ് ഒപ്പുവെച്ചത്. പദ്ധതി വിശദീകരിക്കുന്നതിനായി വാർഡ് കൗൺസിലർമാരുടെയും പ്രദേശത്തെ പ്രമുഖരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളുടെയും യോഗം സെപ്റ്റംബർ 29ന് ചേർന്നിരുന്നു.പദ്ധതി സംബന്ധിച്ച സംശയങ്ങൾ ദൂരീകരിച്ചതുമാണ്. ജില്ലാ തലത്തിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും വാർഡ് കൗൺസിലർമാരുടെയും യോഗം കോഴിക്കോട് നോർത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ മേയറുടെ ചേംബറിൽ നടന്നു. യോഗത്തിലുണ്ടായ ധാരണ പ്രകാരം പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് കഴിഞ്ഞമാസം രണ്ടിന് വീണ്ടും യോഗം ചേരുകയും പ്രദേശവാസികൾ അംഗീകരിക്കുകയും ചെയ്തിരുന്നു. ഏഴിന് വെള്ളയിൽ ഹാർബറിൽ യോഗം ചേർന്നെങ്കിലും മുൻകൂട്ടി തയ്യാറെടുത്തതുപോലെ യോഗം അലങ്കോലപ്പെട്ടതായി മേയർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, സെക്രട്ടറി കെ.യു. ബിനി, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ദിവാകരൻ എന്നിവർ പങ്കെടുത്തു.