കോഴിക്കോട്: പൊതുമരാമത്ത് പ്രവൃത്തികളിൽ കാലതാമസം അനുവദിക്കില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡുകളും കെട്ടിടങ്ങളും ഉൾപ്പെടെ ജില്ലയിലെ നിർമ്മാണ പ്രവൃത്തികൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു.
പല പ്രവൃത്തികളിലും ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതികാനുമതിക്കായി കാലതാമസം വരുത്തുകയാണ്. ഈ സ്ഥിതി തുടരാൻ കഴിയില്ല. ചുമതലയുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ കീഴിൽ വരുന്ന പദ്ധതികളുടെ നിർമ്മാണ പുരോഗതി കൃത്യമായി വിലയിരുത്തണം. ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതികാനുമതി വൈകുന്ന പദ്ധതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉടൻ ലഭ്യമാക്കാൻ പൊതുമരാമത്ത് വിഭാഗം ചീഫ് എൻജിനിയറോട് മന്ത്രി ആവശ്യപ്പെട്ടു. ബാലുശ്ശേരി മിനി സിവിൽസ്റ്റേഷൻ, വടകര താലൂക്ക് ആശുപത്രി, മെഡിക്കൽ കോളേജ് എൻ.ജി.ഒ ക്വർട്ടേഴ്‌സ് ഫ്‌ളാറ്റ് സമുച്ചയം, ഫറോക്ക് റസ്റ്റ് ഹൗസ് എന്നിവയുൾപ്പെടെ ജില്ലയിലെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്.സാംബശിവ റാവു, ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി എന്നിവരും യോഗത്തിൽ പങ്കെടുത്തു.