പേരാമ്പ്ര : വിദ്യാഭ്യാസ വായ്പ അനുവദിച്ച് കിട്ടുന്നിലെന്ന് ആരോപിച്ച് പേരാമ്പ്ര കേരള ഗ്രാമീണ ബാങ്കി ‌ൽ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ കുത്തിയിരിപ്പ് സമരം നടത്തി. ബംഗളുരു മദർ തെരേസ കോളേജിൽ ബി.എസ്.സി നേഴ്സിംഗിന് പഠിക്കുന്ന പേരാമ്പ്ര സ്വദേശിനിയായ അവ്യലക്ഷ്മിയുടെ വിദ്യാഭ്യാസ വായ്പക്കായി അപേക്ഷ നൽകിയിട്ട് ആറ് മാസം കഴിഞ്ഞിട്ടും വായ്പ അനുവദിക്കാത്തതിലാണ് രക്ഷിതാക്കളായ ഇ.കെ. രാജു, ഭാര്യ റീന എന്നിവർ സമരം നടത്തിയത്. വിദ്യഭ്യാസ ആവശ്യത്തിനായി 4 ലക്ഷം രൂപയുടെ വായ്പക്കായിരുന്നു അപേക്ഷിച്ചത്. ആവശ്യമായ മുഴുവൻ രേഖകളും ഹാജരാക്കുകയും ചെയ്തു. എന്നാൽ ഇത്രയും തുക അനുവദിക്കാനാവില്ലെന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ച് തരാമെന്നും പറഞ്ഞ ബാങ്ക് അധികൃതർ പിന്നീട് 2.5 ലക്ഷം രൂപയേ അനുവദിക്കാനാവൂ എന്ന് അറിയിക്കുകയായിരുന്നു. പിന്നോക്ക ജാതിയിൽപ്പെട്ട ദമ്പതികൾ പിന്നീട് പല തവണ ബാങ്കിൽ കയറി ഇറങ്ങിയിട്ടും വായ്പ അനുവദിച്ച് കിട്ടിയില്ല.എന്നാൽ ഇവരുടെ അപേക്ഷയും അനുബന്ധ രേഖകളും അന്തിമാനുമതിക്കായി കല്പറ്റയിലെ റീജണൽ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും 2 ദിവസത്തിനകം തീരുമാനമുണ്ടാവുമെന്നും, മാനേജ്‌മെന്റ് സീറ്റിൽ പഠിക്കുന്നവരുടെ വായ്പാകാര്യങ്ങളിൽ അനുമതി നൽകേണ്ടത് റീജണൽ ഓഫീസിൽ നിന്നാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു.