സുൽത്താൻ ബത്തേരി: ബത്തേരിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായി. മാനിക്കുനിയിലെ മംഗലശ്ശേരി നൗഷാദിന്റെ പശുകിടാവിനെ കടിച്ച് പരിക്കേൽപ്പിക്കുകയും മുയലുകളെ കടിച്ച് കൊല്ലുകയും ചെയ്തു. വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുകിടാവിനെയും സമീപത്ത് തന്നെ നാലടി ഉയരത്തിൽ പണിത കൂട്ടിൽ നിന്ന് മുയലുകളെയും പിടികൂടുകയായിരുന്നു.
ഇന്നലെ പുലർച്ചെയാണ് തെരുവ് നായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണമുണ്ടായത്. തൊഴുത്തിൽ നിന്ന് പശുകിടാവിന്റെ കരച്ചിൽകേട്ട് വീട്ടുടമ പുറത്തിറങ്ങിയപ്പോൾ തെരുവ് നായ്ക്കൾ കിടാവിനെ ഉപദ്രവിക്കുന്നതാണ് കണ്ടത്. ഒച്ചവെച്ചതോടെ നായ്ക്കൾ ഓടിമറഞ്ഞു. സമീപത്തുള്ള മുയൽ കൂട് തകർത്ത നിലയിലും കാണപ്പെട്ടു. തുടർന്ന് നടത്തിയ തെരച്ചിലിൽ തോട്ടത്തിൽ നിന്ന് മുയലിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. എട്ട് മുയലുകളായിരുന്നു കൂട്ടിൽ ഉണ്ടായിരുന്നത്. നായ്ക്കളുടെ ആക്രമണത്തിൽ പശുകിടാവിന് മുറിവേൽക്കുകയും ചെയ്തു.
ബത്തേരിയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറെ മാസങ്ങളായി തെരുവ് നായശല്യം വർദ്ധിച്ചുവരുകയാണ്. ഇതുകാരണം കുട്ടികളെ വീടിന് പുറത്ത് വിടാനാവാത്ത സ്ഥിതിയാണ് തെരുവ് നായയുടെ ആക്രമണത്തിൽ അടുത്തിടെ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തെരുവ് നായ ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു.