സുൽത്താൻ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയിലും കൊവിഡ് വ്യാപനം. ആറ് ഡോക്ടർമാരുൾപ്പെടെ ഇരുപതോളം ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഴ്സ്, ജനറൽ ഒ.പി, ബ്ലഡ്ബാങ്ക്, ലാബ് തുടങ്ങിയ വിവിധ വകുപ്പുകളിലുള്ള ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടത്.
കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരെല്ലാം ക്വാറന്റൈയിനിൽ പോയതോടെ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തു. ആശുപത്രിയിലുള്ള ജീവനക്കാർ ഇരട്ടി സമയം ജോലിചെയ്താണ് ഇപ്പോൾ ആശുപത്രി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. നിരവധി ആരോഗ്യ പ്രവർത്തകർ കൊവിഡ് രോഗത്തിന്റെ പിടിയിലായതോടെ ആശുപത്രിയിലെത്തുന്നവർ സഹകരിക്കണമെന്ന് ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ നോട്ടീസ് പതിക്കുകയും ചെയ്തു.