 
കോഴിക്കോട്: കസ്തൂരിരംഗൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള ഇ.എസ്.എ വില്ലേജുകളുടെ അന്തിമ വിജ്ഞാപനത്തിന് മുന്നോടിയായി പരാതി പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന പ്രതിനിധികളുടെ സംയുക്ത സമിതി രൂപീകരിക്കണമെന്ന് എം.കെ.രാഘവൻ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കും.
കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ വില്ലേജുകളിൽ ബഹുഭൂരിപക്ഷവും ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളാണ്. ഇവിടങ്ങളിൽ പ്രധാനമായും ചെറുകിട കർഷകരാണ്. റിപ്പോർട്ട് അതേപടി നടപ്പാക്കിയാൽ ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കും.
നിയമം വൻകിട പരിസ്ഥിതി ചൂഷകരെയും ക്വാറി മാഫിയകളെയും ഒരു തരത്തിലും സ്പർശിക്കുന്നില്ലെന്നതിന് ഉദാഹരണമാണ് ക്വാറികൾ നിരവധിയുള്ള വില്ലേജുകൾ ഒഴിവാക്കപ്പെട്ടത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റവന്യൂ ഭൂമിയും കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും റിസർവ് ഫോറസ്റ്റ് എന്ന് രേഖപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദ്ദേശങ്ങളിൽ വിവിധ വില്ലേജുകളിലായി പതിനായിരം പേരെ മാത്രമാണ് ബാധിക്കുകയെന്ന് പറഞ്ഞത് തികച്ചും തെറ്റാണെന്നും വിശദമായ പഠനം നടത്താതെയാണ് റിപ്പോർട്ട് നൽകിയതെന്നും എം.പി ചൂണ്ടിക്കാട്ടി.