കോഴിക്കോട്: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സഹകരണ മേഖലയിലെ ഖാദിപ്പെരുമ' ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കാന്‍ തീരുമാനിച്ച ജില്ലയിലെ വിവിധ സഹകരണ സ്ഥാപന പ്രതിനിധികൾ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. പരമ്പരാഗത ഖാദി മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, അദ്ധ്യാപകര്‍ എന്നിവര്‍ ആഴ്ചയില്‍ ഒരുദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ കെ.ഷിബി, അസിസ്റ്റൻ്റ് രജിസ്ട്രാര്‍ കെ.ജിഷ എന്നിവര്‍ പറഞ്ഞു. ഖാദി ബോര്‍ഡ് അംഗം കെ.ലോഹ്യ അദ്ധ്യക്ഷനായി. ഖാദി ബോര്‍ഡ് ഡയറരക്ടര്‍ പി. സുരേശന്‍, പ്രൊജക്ട് ഓഫീസര്‍ കെ.ഷിബി, വിവിധ ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.