
കോഴിക്കോട്: വെള്ളയിൽ ആവിക്കൽതോടിന് സമീപം മലിനജല സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ സമരം ശക്തമാക്കാൻ സമരസമിതി. ആശങ്ക പരിഹരിക്കുമെന്ന് മേയർ ഉറപ്പ് നൽകിയിരുന്നെങ്കിലും പദ്ധതിയ്ക്കെതിരെ രൂക്ഷമായ എതിർപ്പാണ് പ്രദേശത്ത് തുടരുന്നത്. അതെസമയം പ്രശ്നം ചർച്ച ചെയ്യാൻ ജില്ല കളക്ടർ ഇന്ന് വീണ്ടും യോഗം വിളിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കളക്ടർ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും സമരസമിതി ബഹിഷ്കരിക്കുകയായിരുന്നു. അതിനിടെ സമരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വിവിധ രാഷ്ടീയ പാർട്ടികളേയും സാമുദായിക -സാംസ്‌കാരിക സാമൂഹിക സംഘടന ഭാരവാഹികളെയും ഉൾപ്പെടുത്തി യോഗം നടത്തി. സമരം ശക്തമാക്കാനും നാളെ വൈകീട്ട് നാലിന് ജനകീയ സമര സദസ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
സി.പി.എം ഒഴികെയുള്ള പ്രദേശത്തെ രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികളുടെ ഭാഗമായി കൊണ്ടുവന്ന മണ്ണ് പരിശോധന വാഹനം പൊലീസ് സംരക്ഷത്തിൽ ഇവിടുന്ന് മാറ്റി. വാഹനം മാറ്റണമെന്നായിരുന്നു സമരസമിതി ഉയർത്തിയ പ്രതിഷേധത്തിലെ പ്രധാന ആവശ്യം.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനയ്ക്കായി വാഹനം എത്തിച്ചതോടെയാണ് സമരസമിതിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം ആരംഭിച്ചത്. വെള്ളയിൽ കൗൺസിലർ സൗഫിയ അനീഷുൾപ്പടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ പ്രതിഷേധം ആളിക്കത്തി. തുടർന്ന് മണ്ണ് പരിശോധന നടത്താൻ ശ്രമിച്ച പൊലീസിനെയും അധികൃതരെയും പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെ മണിക്കൂറുകളോളം ഉപരോധിച്ചു. കളക്ടറുമായും സബ്കളക്ടറുമായും നടത്തിയ ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതോടെ സമരസമിതി തീരദേശ ഹർത്താൽ നടത്തി.
ബലം പിടിച്ച് പദ്ധതി നടപ്പാക്കില്ലെന്ന് മേയർ ഡോ.ബീന ഫിലിപ്പ് അറിയിച്ചെങ്കിലും കോർപ്പറേഷന്റെ നിലപാടിൽ വ്യക്തതയില്ലെന്നാണ് സമരസമിതിയുടെ ആരോപണം. കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ.മുനീർ, മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് എന്നിവർ പങ്കെടുക്കും.
@ പ്രശ്നങ്ങൾക്ക് ഉത്തരവാദി കളക്ടർ: യു.ഡി.എഫ്
പ്ലാന്റുമായി ബന്ധപ്പട്ടുണ്ടായ പ്രശ്നങ്ങൾക്ക് ഉത്തരവാദി ജില്ല കളക്ടറാണെന്ന് യു.ഡി.എഫ് ആരോപിച്ചു. പരിസരവാസികളുടെ എതിർപ്പിനെ വെല്ലുവിളിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മണ്ണ് പരിശോധനയ്ക്ക് എത്തിയത്. പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താതെ ഒരു നടപടിയും ഉണ്ടാവരുതെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ആ അഭ്യർത്ഥന കേൾക്കാൻ ജില്ലാ കളക്ടർ തയ്യാറായില്ല. കളക്ടറോട് സംസാരിക്കാൻ പോയ യു.ഡി.എഫ് കൗൺസിലർമാരോട് മോശമായാണ് പെരുമാറിയത്. സർക്കാരിന് വേണ്ടി മൂന്നാംകിട രാഷ്ട്രീയം കളിക്കുന്ന കളക്ടറുടെ നടപടി അപലപനീയമാണെന്നും ഡി.സി.സിയിൽ ചേർന്ന യു.ഡി.എഫ് കൗൺസിലർമാരുടെ യോഗം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ. റസാഖ് , എസ്.കെ. അബൂബക്കർ, ടി. മൊയ്തീൻകോയ, കോർപ്പറേഷൻ പ്രതിപക്ഷനേതാവ് കെ.സി. ശോഭിത, സോഫിയ, കെ.പി. രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു.