 
നല്ല ബന്ധങ്ങളും സൗഹൃദങ്ങളുമാണ് കുട്ടികളുടെ മാർഗ ദീപം. വെളിച്ചം കെടുമ്പോൾ പലരും പല വഴിക്കാവും. വെള്ളിമാടുകുന്നിലെ പെൺകുട്ടികളുടെ ചിൽഡ്രൻസ് ഹോമിൽ നടന്നതും ഇതൊക്കെ തന്നെയാണ്. അരക്ഷിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നെത്തിയവർക്ക് സംരക്ഷണത്തിന്റെ തലോടൽ കിട്ടാതെ വരുമ്പോൾ കൂടുപൊട്ടിക്കാതെ അവർക്ക് നിവൃത്തിയില്ല. ഒളിച്ചോട്ടങ്ങൾ ആവർത്തിക്കാതിരിക്കാൻ അവരുടെ മനസറിയുക മാത്രമെ പോംവഴിയുള്ളൂ. അതിനുള്ള സൗകര്യങ്ങളാണ് മന്ദിരത്തിൽ ഒരുക്കേണ്ടത്.
 സോഷ്യൽ മീഡിയയുടെ സ്വാധീനം
തങ്ങളെ മനസിലാക്കാനും കേൾക്കാനും സ്നേഹിക്കാനും ആരുമില്ല എന്ന തോന്നലാണ് കുട്ടികളിൽ പലർക്കുമുള്ളത്. ഇത്തരം സാഹചര്യങ്ങളിലാണ് സ്നേഹത്തിന്റെ മേമ്പൊടിയുമായി '' ഓൺലൈൻ ചേട്ടന്മാരുടെ പ്രത്യക്ഷപ്പെടൽ. ചിൽഡ്രൻസ് ഹോമിലെ മോശമായ അന്തരീക്ഷത്തിൽ പല കുട്ടികളും ഈ സ്നേഹവലയിൽ വീഴുകയാണ്. പുറത്തെത്താനുള്ള വഴി അവിടെ തുറക്കുന്നു. പഠനം ഓൺലൈനിലായപ്പോൾ സാദ്ധ്യതകൾ കൂടുതൽ തെളിഞ്ഞു.
 മടുപ്പിക്കുന്ന ചുറ്റുപാടുകൾ
ചിൽഡ്രൻസ് ഹോം ഒരു ചെറിയ സ്ഥലത്തല്ല. എന്നാൽ അവിടേയ്ക്ക് ഇറങ്ങാൻ പോലും കുട്ടികൾക്ക് തോന്നാത്ത വിധത്തിലാണ് ഒഴിച്ചിട്ടിരിക്കുന്നത്. കുട്ടികളെ സന്തോഷിപ്പിക്കുന്ന ഒന്നും ഇവിടെയില്ല. പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവ കുട്ടികളെ കൂടി പങ്കാളികളാക്കി നിർമ്മിക്കാം പരിപാലിക്കാം. മുന്നിൽ കളിസ്ഥലവും നിർമ്മിക്കാം.
 കുട്ടികളെ അറിയുന്ന കൂട്ട്
ചിൽഡ്രൻസ് ഹോമിൽ സൈക്ക്യാട്രിസ്റ്റ് തസ്തിക ഉണ്ടെങ്കിലും ഇതുവരെ നിയമിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി പത്ത് ദിവസത്തിനകം നിയമനം നടത്താമെന്നാണ്പറഞ്ഞത്. കുട്ടികൾക്ക് ഈ പ്രായത്തിൽ ഉപദേശവും തല്ലും നൽകിയാൽ വാശിയും ദേഷ്യവും എടുത്തുചാട്ടവും കൂടുകയേ ഉള്ളൂ. എന്നാൽ അവരെ കേൾക്കുന്ന, അവർക്ക് സംസാരിക്കാൻ തോന്നുന്ന, സ്നേഹപൂർവം നേർവഴിക്ക് നടത്തുന്ന ഒരാൾ ഇവിടെ ഉണ്ടാവണം. കുട്ടികൾ മനസു തുറന്നാൽ തീരുന്നതേയുള്ളൂ എല്ലാ പ്രശ്നങ്ങളും.
കൗമാരക്കാരായ കുട്ടികൾ ഗ്ലാസ് പോലെയാണ്. മിനുക്കിയാൽ വെട്ടിതിളങ്ങും. താഴെ വീണാൽ പൊട്ടിചിതറും. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ പെട്ടെന്ന് അക്രമാസക്തരാവുന്നവരാണ്. കൈമുറിക്കും, തല ചുമരിൽ ഇടിക്കും. ഇത്തരത്തിലുള്ള കുട്ടികളെ മാനേജ് ചെയ്യാൻ സ്ഥാപനത്തിൽ ഒരു നല്ല സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ്, സോഷ്യൽ വർക്കർ എന്നിവർ വേണം.
കുട്ടികളെ കുറ്റം പറയുന്നതിലോ അധികൃതരെ സ്ഥലം മാറ്റിയതുകൊണ്ടോ പരിഹാരമാകില്ല. കുട്ടികൾക്ക് മാത്രമല്ല, ജീവനക്കാർക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും കൗൺസിലിംഗ് നൽകണം.
ഡോ.പി.എൻ.സുരേഷ് കുമാർ, സൈക്യാട്രിസ്റ്റ്, ചേതനാ സെന്റർ ഡയറക്ടർ.