 
 പത്തു കോടിയുടെ പദ്ധതി
കോഴിക്കോട്: കേരളത്തിന്റെ ടൂറിസം മാപ്പിൽ വേറിട്ട ഇടമുറപ്പിക്കാൻ ചാലിയം ബീച്ച്. ഇവിടെ പത്തു കോടിയുടെ ടൂറിസം പദ്ധതി വരികയാണ്. വാട്ടർ സ്‌പോർട്ട്‌സിനു പുറമെ സാഹസിക ടൂറിസത്തിനു കൂടി ചാലിയത്ത് അരങ്ങൊരുങ്ങും.
കോഴിക്കോട് ബീച്ചിലും ബേപ്പൂർ, കാപ്പാട് കടപ്പുറങ്ങളിലും ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ തുറന്നിട്ടപ്പോഴും ചാലിയം പരമ്പരാഗതവഴിയിൽ നിന്നു മാറാതെ തുടരുകയായിരുന്നു. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച 10 കോടി രൂപയുടെ ചാലിയം ബീച്ച് വികസന പദ്ധതി രണ്ടു വർഷത്തിനകം യാഥാർത്ഥ്യമാവും.
ചാലിയത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ബീച്ച് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിലെ ബീച്ചുകളിൽ വാട്ടർ സ്‌പോർട്‌സിനും സാഹസിക ടൂറിസത്തിനും ഏറെ അനുയോജ്യമായ ഇടമാണിതെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെയെന്ന പോലെ തദ്ദേശവാസികളുടെയും ജീവിതസാഹചര്യം മെച്ചപ്പെടുത്താനുതകുന്ന ഉത്തരവാദിത്ത ടൂറിസമാണ് ലക്ഷ്യമിടുന്നത്. പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് നടപ്പാക്കുക.
രണ്ടു വർഷത്തിനകം കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാക്കി ചാലിയത്തെ മാറ്റാനാവും. കലാ സാംസ്‌കാരിക ചടങ്ങുകൾക്കും ഒത്തുചേരലുകൾക്കും വേദിയായി ബീച്ചിൽ കൾച്ചറൽ കോർണർ സ്ഥാപിക്കും. പദ്ധതി പൂർണമായും ഭിന്നശേഷിസൗഹൃദമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, നോർക്ക റൂട്ട്‌സ് ഡയറക്ടർ ബാദുഷ കടലുണ്ടി, പോർട്ട് ഓഫീസർ അശ്വനി പ്രതാപ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.പി.മനോജ്, ഡി.ടി.പി.സി സെക്രട്ടറി നിഖിൽദാസ്, ബേപ്പൂർ ഡവലപ്പ്‌മെന്റ് മിഷൻ പ്രതിനിധി രാധ ഗോപി, ആർക്കിടെക്ട് മുഹമ്മദ് റിയാസ് തുടങ്ങിയവരും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.