കൽപ്പറ്റ: കേന്ദ്ര സർക്കാർ ആരോഗ്യ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ ഹെൽത്ത് മിഷൻ മുഖേന വയനാട് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികളിൽ വ്യാപകമായ ക്രമക്കേടുകളും കോടിക്കണക്കിന് രൂപയുടെ അഴിമതിയും നടക്കുന്നതായി ബി.ജെ.പി ജില്ലാ നേതൃയോഗം ആരോപിച്ചു. ജീവനക്കാരെ നിയമിക്കുന്നതിലും, സ്ഥാപനത്തിലേക്ക് സാധന സാമഗ്രികൾ വാങ്ങുന്ന ടെണ്ടറുകളിലും, വാഹന ടെണ്ടറുകളിലും അഴിമതിയും സ്വജന പക്ഷപാതവും ക്രമക്കേടുകളുമാണ് നടത്തുന്നത്. പ്രളയകാലത്തും കൊവിഡ് കാലത്തും കേന്ദ്രത്തിൽ നിന്നു ലഭിച്ച കോടിക്കണക്കിന് രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയതിൽ വ്യാപകമായി ക്രമക്കേടുകളും അഴിമതിയും നടത്തിയിട്ടുണ്ട്. വിവിധ തസ്തികകളിലായി നൂറു കണക്കിന് ജീവനക്കാരെ നിയമച്ചിട്ടുണ്ട്. ഇവരെല്ലാം ജില്ലാ പ്രോഗ്രാം മാനേജറുടെ സ്വന്തക്കാരും സിൽബന്ധികളുമാണ്.
കൊവിഡ് കാലത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് പദ്ധതികൾ നിർമ്മിതി കേന്ദ്രത്തിന് നൽകിയതിലും കരാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യുകയും പർച്ചേസ് റൂൾ പാലിക്കാതെ നടത്തിയ വാങ്ങലുകളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും, കേന്ദ്ര ആരോഗ്യ മന്ത്രിക്കും, കേരള മുഖ്യമന്തി, ആരോഗ്യ മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്കും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
നേതൃയോഗം ജില്ലാ പ്രഭാരി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.മധു അദ്ധ്യക്ഷത വഹിച്ചു. പി.സി.മോഹനൻ മാസ്റ്റർ, കെ.സദാനന്ദൻ, സജി ശങ്കർ, പി.ജി.ആനന്ദ്കുമാർ, കെ.മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.