
കോഴിക്കോട്: ജില്ലയിലെ മലയോര ഹൈവേ നിർമ്മാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറരുതെന്നു പ്രവൃത്തി വിലയിരുത്തൽ യോഗത്തിൽ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴക്കാലം തുടങ്ങുംമുൻപ് പ്രവൃത്തികൾ പൂർത്തിയാക്കിയിരിക്കണം.
കോടഞ്ചേരി - കക്കാടംപൊയിൽ റോഡിൽ റീഅലൈൻമെന്റ് ആവശ്യമുള്ള ആറ് കിലോമീറ്ററിൽ ഫെബ്രുവരി 28-നകം സർവേ തീർക്കാനും മന്ത്രി നിർദ്ദേശിച്ചു. മേയ് 20ന് മുൻപ് ഈ സ്‌ട്രെച്ചിന്റെ പ്രവൃത്തി പൂർത്തീകരിക്കാനും സെപ്തംബറിൽ മുഴുവൻ റോഡിന്റെയും പ്രവൃത്തി തീർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
തലയാട് - കോടഞ്ചേരി റോഡിൽ ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒൻപതിനകം സാങ്കേതികാനുമതി ലഭ്യമാക്കും. പുതിയ ഡി.പി.ആർ ഉടൻ പുതുക്കും. സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിലെ പ്രശ്‌നവും പരിഹരിക്കും.
പുല്ല്‌വയൽ - തൊട്ടിൽപാലം റോഡിൽ 28 കിലോമീറ്ററിൽ 14 കിലോമീറ്ററിന്റേത് ടെൻഡർ ചെയ്തു. ബാക്കി 14 കിലോമീറ്ററിലെ ഭൂമിപ്രശ്‌നം സംബന്ധിച്ച എസ്റ്റിമേറ്റ് ഫെബ്രുവരി 15നകം തയ്യാറാക്കും. നിരവിൽപുഴ - മൂന്നാംകൈ - തൊട്ടിൽപാലം റോഡിന് ഫെബ്രുവരി 28നകം ഡി.പി.ആർ തയ്യാറാക്കും.
വനം മന്ത്രി എ.കെ.ശശീന്ദ്രൻ, എം.എൽ.എ മാരായ ടി.പി.രാമകൃഷ്ണൻ, ഇ.കെ.വിജയൻ, ലിന്റോ ജോസഫ്, കാനത്തിൽ ജമീല, കെ.കെ.രമ, ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഢി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ജോയിന്റ് സെക്രട്ടറി സാംബശിവ റാവു തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.