1
കോഴിക്കോട് -ഊട്ടി ഹ്രസ്വപാത നവീകരണം ഉടൻ

കോഴിക്കോട്: കാത്തിരിപ്പിന് വിരാമിട്ട് അന്തർ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഊട്ടി ഹ്രസ്വപാത നവീകരണത്തിന് പച്ചക്കൊടി. നവീകരണത്തിന് ആറ് കോടിയുടെ ഭരണാനുമതിയുണ്ടായിട്ടും സാങ്കേതിക തടസ്സം കാരണം നവീകരണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇതേക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ സങ്കേതിക തടസ്സമാറി. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. ഓവുചാലുകൾ, ഇന്റലോക്ക് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. റോഡിന്റെ ഇരു വശങ്ങളും വയൽപ്രദേശമായതിനാൽ പാർശ്വഭിത്തി ആവശ്യമാണ്. റോഡ് വീതിക്കൂട്ടി സംരക്ഷിക്കുന്നത്തോടെ റൂട്ടിലെ ഗതാഗതക്കുരുകിന് പരിഹാരമാവും. മലപ്പുറം - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഊട്ടി ഹ്രസ്വപാതയിൽ മാവൂർ മുതൽ കൂളിമാട്, ചെറുവാടി, പന്നിക്കോട് വഴി എരഞ്ഞിമാവ് വരെ ഭാഗങ്ങളിലാണ് നവീകരണം അനിശ്ചിതത്വത്തിൽ നീളുന്നത്. 12 വർഷം മുമ്പാണ് ഇവിടങ്ങളിൽ അവസാനമായി നവീകരണപ്രവൃത്തി പേരിനെങ്കിലും നടന്നത്. പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗർത്തങ്ങളുടെ എണ്ണം കൂടുകയാണ്. ചിലയിടങ്ങളിൽ പാർശ്വഭിത്തിയിടിഞ്ഞ് അപകടരമായ അവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞു നോക്കാറില്ലായിരുന്നു.നിർമ്മാണം പൂർത്തിയാവാറായ എളമരം പാലവും കൂളിമാട് പാലവും തുറക്കുന്നതോടെ ഈ പാതയിൽ വാഹനങ്ങളുടെ ഒഴുക്ക് ഇനിയും കൂടുകയേയുള്ളൂ. റോഡിലെ വീതി കുറഞ്ഞ ഭാഗങ്ങളും വളവുകളും മാറ്റിയെടുത്തെങ്കിൽ മാത്രമെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷ നേടാനാവൂ.

വഴിക്കടവ്, നിലമ്പൂർ, കാളികാവ്, വണ്ടൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്, കെ.എം.സി.ടി മെഡിക്കൽ കോളേജ്, എം.വി.ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, എൻ.ഐ.ടി, സി.ഡബ്ള്യു.ആർ.ഡി.എം, മിൽമ കുന്ദമംഗലം ഡെയറി എന്നിവിടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്തിച്ചേരാവുന്ന റൂട്ടാണിത്. പക്ഷേ, ആ നിലയിൽ ഒരു പരിഗണനയുമുണ്ടാവുന്നില്ലെന്നു മാത്രം.