കോഴിക്കോട്: മാലിന്യങ്ങൾ കൊണ്ടു വീർപ്പുമുട്ടുന്ന അവസ്ഥയില്ല ഇപ്പോൾ ബീച്ചിന്. പൊതുവെ വൃത്തിയും വെടുപ്പുമുണ്ട്. എന്നാൽ, എത്ര പൊരിവെയിൽ കൊണ്ടിട്ടും ജീവിതത്തിൽ തണൽ കിട്ടുന്നില്ല ഇവിടത്തെ ശുചീകരണത്തൊഴിലാളികൾക്ക്.
പത്തും ഇരുപതും വർഷമായി മാലിന്യങ്ങളും ചപ്പുചവറുകളും നീക്കി ബീച്ച് വൃത്തിയോടെ പരിപാലിക്കുമ്പോഴും യാതൊരു ആനുകൂല്യങ്ങളുമില്ലാതെ കരാർ തൊഴിലാളികളായി തുടരേണ്ട ഗതികേട്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലെ തൊഴിലാളികളാണിവർ. സൗത്ത് ബീച്ച് മുതൽ ഫ്രീഡം സ്‌ക്വയർ വരെ നീളുന്ന വിശാലമായ ബീച്ചിൽ പണിയെടുക്കാനുള്ളത് ഏഴു പേരാണ്; ബിന്ദു, ഖദീജ, പ്രസീത, അസ്‌മാബി, ഷീല, കസ്തൂരി, പ്രമീള എന്നിവർ. വർഷം പത്തിരുപതാകുമ്പോഴും ചികിത്സയ്ക്ക് ഇ.എസ്.ഐ ആനുകൂല്യമോ കരുതിവെക്കാൻ പി എഫോ പോലുമില്ല.
രാവിലെ ഏഴു മണിയോടെ ബീച്ചിലെത്തിയാൽ ഉച്ചയ്ക്ക് ഒരു മണി വരെയുണ്ടാവും ജോലി. ദിവസ വേതനം 450 രൂപ. തലേന്ന് സഞ്ചാരികൾ ആഘോഷിച്ചു വലിച്ചെറിഞ്ഞ് വേസ്റ്റിനു പുറമെ മരങ്ങളിൽ നിന്നുള്ള ചപ്പിലകളും പ്ലാസ്റ്റിക് മാലിന്യങ്ങളും എന്തിന്, കടൽ പുറന്തള്ളുന്ന മാലിന്യങ്ങളും വരെ കോരിയെടുത്ത് വൃത്തിയാക്കണം. രാത്രിയുടെ മറവിൽ ആളുകൾ കൊണ്ടുതള്ളുന്ന അറവുമാലിന്യങ്ങളും മറ്റും ഇതിനു പുറമെ. വിസ്തരിച്ചുള്ള പണിയ്ക്കിടെ ഒന്നു നടു നിവർക്കാനോ ഇത്തിരി നേരം വിശ്രമിക്കാനോ ഒരിടമില്ല. ഫ്രീഡം സ്‌ക്വയറിലെ ഒരു മുറിയാണ് ഇപ്പോൾ താത്കാലിക ആശ്വാസം. സ്‌ക്വയറിന്റെ പരിപാലനച്ചുമതല കെ.ടി.ഡി.സിയ്ക്ക് നൽകാൻ പോവുകയാണെന്നാണ് വിവരം. അങ്ങനെയെങ്കിൽ അതുകൂടി നഷ്ടമാകുമല്ലോയെന്ന ആധിയിലാണിവർ.