riyas
മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കോഴിക്കോട്: പൊതുമരാമത്തു വകുപ്പിൽ ക്രമക്കേടുകൾ തീർത്തും തടയാൻ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വ്യക്തമാക്കി.

വിജിലൻസ് വിഭാഗത്തിന്റെ പ്രവർത്തന അവലോകനത്തിനു ശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ നാലു എക്‌സിക്യൂട്ടിവ് എൻജിനിയർമാർ ഉൾപ്പെടുന്നതാണ് വിജിലൻസ് വിഭാഗം. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ വിജിലൻസിന് കൂടുതൽ ഉദ്യോഗസ്ഥരെ നൽകും. പരിശോധനകൾക്ക് മികച്ച സാങ്കേതികവിദ്യ ഉറപ്പാക്കുന്നതിനൊപ്പം വാഹനങ്ങളും ലഭ്യമാക്കും.

വിജിലൻസിന്റെ ഭാഗമായി ഇപ്പോൾ പ്രവർത്തിക്കുന്ന ക്വാളിറ്റി കൺട്രോൾ ഓഫീസുകളും ശക്തിപ്പെടുത്തും. പ്രവൃത്തികളുടെ ഗുണനിലവാരം നേരിട്ട് സ്ഥലത്തെത്തി പരിശോധിക്കാൻ ഓട്ടോമാറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയനുകളിലാണ് ഇത് നടപ്പാക്കുക. ഇതിനായി മൂന്നു ഓട്ടോ ടെസ്റ്റിംഗ് മൊബൈൽ ലാബുകളിലേക്കായി അനുബന്ധ ഉപകരണങ്ങളും വാങ്ങും. മൊബൈൽ ലാബിലെ പരിശോധനകൾ നേരിട്ട് ഒരു കേന്ദ്രത്തിൽ കാണാനുള്ള സൗകര്യം ഒരുക്കും. പ്രവൃത്തികളുടെ ഗുണമേന്മ അതാതിടത്തു വച്ചുതന്നെ പരിശോധിക്കാൻ തുടങ്ങുന്നതോടെ പ്രകടമായ മാറ്റമുണ്ടാവും.