heros
കാലിക്കറ്റ് ഹീറോസ് ടീം

കോഴിക്കോട്: ഓരോ സ്‌മാഷിനും ഇളകി മറിയുന്ന ഗാലറി... വോളിബാൾ കോർട്ടിൽ ആരവത്തിന് താളം വരുന്നത് അങ്ങിനെയാണ്. പക്ഷേ, ഇത്തവണ പ്രൈം വോളി മേളയ്ക്ക് ഹൈദരബാദിൽ കൊടുക്കൂറ ഉയരുമ്പോൾ മലയാളി ആരാധകർക്ക് ടി.വി യ്ക്ക് മുന്നിലിരുന്ന് ഇളകി മറിയാനേ കഴിയൂ.

കഴിഞ്ഞ സീസണിൽ കൊച്ചിയിൽ കളിയെത്തിയതോടെ സംസഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വോളി പ്രേമികളുടെ പ്രവാഹമായിരുന്നു. ഇത്തവണയും മേളയ്ക്ക് കൊച്ചി തന്നെ അരങ്ങെന്ന് തീരുമാനിച്ചതാണ്. അതിനായി ഒരുക്കങ്ങളും തുടങ്ങിയിരുന്നു. എന്നാൽ, സംസ്ഥാനത്തെ കൊവിഡ് വ്യാപനം വീണ്ടും പിടിവിട്ട നിലയിലായതോടെ താരങ്ങളുടെയും ഒഫിഷ്യലുകളുടെയുമെല്ലാം സുരക്ഷ പരിഗണിച്ച് വേദി ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന കേരളത്തിലെ വോളി പ്രേമികളെ വലിയ നിരാശയിലേക്ക് തള്ളുകയായിരുന്നു ഈ മാറ്റം. വിശേഷിച്ചും മത്സരിക്കുന്ന ഏഴു ടീമുകളിലും നെടുംതൂണുകളായി മലയാളി താരങ്ങളുള്ളപ്പോൾ.
ഹൈദരാബാദിലെ ഗച്ചി ബൗളി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഇന്ന് വൈകിട്ട് ഏഴിന് ഉദ്ഘാടന മത്സരത്തിൽ ഹൈദരാബാദ് ബ്ലാക് ഹോക്‌സ് ടീം കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് പടയെ നേരിടും. ആകെ 24 മത്സരങ്ങളാണുള്ളത്. എല്ലാ ടീമുകളും ഓരോ തവണ പരസ്പരം മത്സരിക്കും.

ലീഗ് റൗണ്ടിൽ ആദ്യനാലിലെത്തുന്ന ടീമുകൾ സെമിഫൈനലിന് യോഗ്യത നേടും. ഫെബ്രുവരി 24നും ഫെബ്രുവരി 25നുമാണ് നോക്കൗട്ട് മത്സരങ്ങൾ നടക്കുക. ആദ്യ പ്രൈം വോളി (പ്രോ വോളി) ഫൈനലിൽ ചെന്നൈയോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നതായിരുന്നു കാലിക്കറ്റ് ഹീറോസിന്. ഇത്തവണ വീഴ്ചകൾക്ക് പഴുതില്ലെന്നുറപ്പിച്ചാണ് മുൻ ഇന്ത്യൻ ക്യാപ്ടൻ കിഷോർകുമാറിന്റെ ശിക്ഷണത്തിലുള്ള ടീം ഇറങ്ങുന്നത്. ഏഴിനു വൈകിട്ട് ഏഴിന് കൊൽക്കത്തയ്‌ക്കെതിരെയാണ് കാലിക്കറ്റ് ഹീറോസിന്റെ ആദ്യഅങ്കം.

കോഴിക്കോട് ബീക്കൺ സ്‌പോർടിസിന്റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് ഹീറോസിനു പുറമെ മുത്തൂറ്റ് ഗ്രൂപ്പിന്റെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സാണ് കേരളത്തിൽ നിന്നുള്ള മറ്റൊരു ടീം. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോർപ്പിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട് എന്നിവയാണ് മറ്റു ടീമുകൾ.

കളി കാണാം...
പ്രൈം വോളിബാൾ ലീഗ് മത്സരങ്ങൾ സോണി ടെൻ 1, സോണി ടെൻ 2 (മലയാളം), സോണി ടെൻ 3 (ഹിന്ദി), സോണി ടെൻ 4 (തമിഴ്, തെലുങ്ക്) എന്നിവയിൽ തത്സമയം കാണാം.