കൽപ്പറ്റ: കാപ്പിസംഭരണത്തിന്റെ പേരിൽ സർക്കാർ കാപ്പികർഷകരെ കബളിപ്പിച്ചുവെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ. മാർക്കറ്റിൽ 63 രൂപ വിലയുള്ളപ്പോഴാണ് കഴിഞ്ഞ ബഡ്ജറ്റിൽ 90 രൂപ നിരക്കിൽ കാപ്പിയെടുക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ കാപ്പിക്ക് നിലവിൽ 83 മുതൽ 93 രൂപ വരെ വിലയുണ്ട്. കുറഞ്ഞത് 100 രൂപക്കെങ്കിലും സംഭരിക്കണ്ട സാഹചര്യമാണുള്ളത്. വളരെ തുച്ഛമായ ശതമാനം മാത്രം സംഭരിക്കാനാണ് സർക്കാർ തീരുമാനം. അത് സുൽത്താൻബത്തേരിയിലെ കാർഷിക മൊത്ത വിതരണ കേന്ദ്രത്തിൽ എത്തിച്ചുനൽകുകയും വേണം. ഇതിനായി നീക്കിവെച്ചിരിക്കുന്നത് 50 ലക്ഷം രൂപ മാത്രമാണ്. 65000 ചെറുകിട കാപ്പികർഷകർ വയനാട്ടിലുണ്ട്. മൊത്തം കാപ്പി ഉല്പാദനം ഒരു ലക്ഷം ടണ്ണിന്റെ മേലെയാണ്. ഒരു ഗ്രാമപഞ്ചായത്തിൽ നിന്നു ശേഖരിക്കുന്ന കാപ്പി വളരെ തുച്ഛമാണ്. ഇത് കാപ്പികർഷകരെ കബളിപ്പിക്കലാണ്. ഇടതു സൊസൈറ്റികൾ വഴി നേരിട്ട് സംഭരിക്കാൻ ശ്രമിക്കുന്നത് ഒരു അഴിമതിക്ക് വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.