ഭൂപ്രശ്നം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കും

കൽപ്പറ്റ: സംസ്ഥാന സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന മെയ് മാസത്തോടെ വയനാട് ജില്ലയിൽ ചുരുങ്ങിയത് 600 പേർക്ക് കൂടി പട്ടയം നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. ജില്ലയിൽ 724 പട്ടയ അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. ബത്തേരി താലൂക്കിൽ 373, വൈത്തിരിയിൽ 33, മാനന്തവാടിയിൽ 318 എന്നിങ്ങനെയാണ് അപേക്ഷകൾ. ഇവ തീർപ്പാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനും പരമാവധി പട്ടയങ്ങൾ വിതരണം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കാനും കലക്ടറേറ്റ് മിനി കോൺഫ്രൻസ് ഹാളിൽ നടന്ന ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുടെയും പദ്ധതികളുടെയും പുരോഗതി നേരിൽ വിലയിരുത്തുന്നതിനാണ് മന്ത്രി ജില്ലയിലെത്തിയത്.

ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാന പ്രശ്നം പട്ടയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെ സങ്കീർണമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും പട്ടയ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കണം. അർഹതപ്പെട്ടവർക്ക് ഭൂമിയുടെ കൈവശ രേഖ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് തികഞ്ഞ ജാഗ്രത വേണം.

ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി റവന്യൂ ഓഫീസുകളുടെ സമ്പൂർണ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയ വയനാട് ജില്ലയെ മന്ത്രി അഭിനന്ദിച്ചു.

യോഗത്തിൽ ജില്ലാ കളക്ടർ എ.ഗീത, സബ് കലക്ടർ ആർ.ശ്രീലക്ഷ്മി, എ.ഡി.എം ഷാജു എൻ.ഐ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പടിഞ്ഞാറത്തറ വില്ലേജിൽ പട്ടയം ലഭിച്ച ആറ് പേർക്ക് ഭൂമിയുടെ സബ്ഡിവിഷൻ ചെയ്തു നൽകിയുള്ള രേഖ മന്ത്രി ഭൂവുടമകൾക്ക് കൈമാറി.

ആറ് വില്ലേജുകൾ കൂടി സ്മാർട്ടാകും

കൽപ്പറ്റ: ജില്ലയിൽ നിലവിലുള്ള ആറ് വില്ലേജുകൾക്ക് പുറമെ ആറ് വില്ലേജുകൾ കൂടി ഉടൻ സമാർട്ടാകും. ഇവയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി. അഞ്ച് സ്മാർട്ട് വില്ലേജുകളുടെ പ്രവൃത്തിക്ക് റീബിൽഡ് കേരളയിൽ 2.20 കോടിയുടെ പദ്ധതിയാണ് പുരോഗമിക്കുന്നത്. ഇത് കൂടാതെ നവീകരണം പൂർത്തിയായാൽ മൂന്ന് വില്ലേജുകൾ കൂടി സ്മാർട്ടാക്കാനാകും. 22 വില്ലേജുകൾ സ്മാർട്ടാക്കുന്നതിനു മുന്നോടിയായി അറ്റകുറ്റപണി നടത്താനുണ്ട്.

ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും ഭൂരേഖ കംപ്യൂട്ടർവത്ക്കരണം ബി.ടി.ആർ, തണ്ടപ്പേർ ഡിജിറ്റൈസേഷൻ പൂർത്തിയായിട്ടുണ്ട്.