1
ആനപ്പാറ ക്വാറിയിൽ സംഘർഷത്തിൽപരിക്കേറ്റ അജിഷ്ന 26) എസ്.ഐ.എം. ൽ അനൂപ്

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ ആനപ്പാറ ക്വാറിക്കെതിരേ പരിസരവാസികൾ നടത്തുന്ന സമരത്തിൽ സംഘർഷം.പൊലീസിനും സമരക്കാർക്കും പരിക്ക്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂവൻ കണ്ടി സുരേഷ് (53) നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ കൊയിലാണ്ടി എസ്.ഐ.എം.എൽ അനൂപ് , എ.എസ്.ഐ ടി.ദേവദാസ്, സമരസമിതി പ്രവർത്തക അജിഷ്ന എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമാധാനപരമായി സമരം ചെയ്യുന്ന സമിതി പ്രവർത്തകരെ പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചതും സ്ത്രീകൾക്ക് നേരെ അസഭ്യം വിളിച്ച് പറയുകയും അധിക്ഷേപിക്കുകയും ചെയ്തതുമാണ് സംഘർഷത്തിനിടയാക്കിയത്.

കഴിഞ്ഞ 24 - ദിവസമായി ജനകീയ കർമസമിതി സമരവുമായി രംഗത്തുണ്ട്. ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കും വരെ പ്രക്ഷോഭത്തിൽനിന്ന് പിൻമാറില്ലെന്ന് കർമസമിതി ഭാരവാഹികൾ പറഞ്ഞു. ക്വാറിയുടെ പ്രവർത്തനം നടക്കുന്നതിനാൽ സമീപത്തെ വീടുകൾക്ക് കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്. ഭൂരിഭാഗം കിണറുകളും വറ്റി വരണ്ടു. ക്വാറിയിൽനിന്ന് ഭാരവും കയറ്റി ലോറികൾ പോകുന്നതിനാൽ, റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. ഈ റോഡിലൂടെ കാൽനടയായി യാത്രചെയ്യാൻപോലും കഴിയുന്നില്ല.

കഴിഞ്ഞ ദിവസം കൊയിലാണ്ടി തഹസിൽദാർ വിളിച്ച് ചേർത്ത ക്വാറി ഉടമകളുടേയും സമരസമിതി ഭാരവാഹികളുടേയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടേയും യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. തഹസിൽദാർ മുന്നോട്ട് വെച്ച ഒത്തുതീർപ്പുകൾ സമിതി അംഗീകരിച്ചിട്ടില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. അതേ സമയം എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് ക്വാറി പ്രവർത്തിക്കുന്നതെന്നാണ് ക്വാറി ഉടമകൾ പറയുന്നത്. തകർന്ന റോഡ് നന്നാക്കാൻ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമ്മല പറഞ്ഞു.