കാവുംമന്ദം: മനക്കരുത്ത് കൊണ്ട് കാൻസറിനെ പൊരുതി തോൽപ്പിച്ച്, കാൻസർ ബാധിതർ ഉൾപ്പെടെയുള്ള കിടപ്പ് രോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന കാവുംമന്ദം സ്വദേശിനി ശാന്തി അനിലിനെ ലോക ക്യാൻസർ ദിനത്തിൽ തരിയോട് സെക്കൻഡറി പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മ ആദരിച്ചു. പാലിയേറ്റീവ് പ്രസിഡന്റും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി പൊന്നാടയണിച്ചു. സെക്രട്ടറി എം.ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
2007 ൽ ജീവിതത്തിൽ വില്ലനായി കടന്നു വന്ന കാൻസറിന് പത്ത് വർഷക്കാലം ചികിത്സ നടത്തി ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയായി തൊഴിൽ ചെയ്ത് ജീവിച്ചു വരികയാണ് ശാന്തി. അസുഖത്തിന് ശമനം വരുന്നതിന് മുമ്പ് തന്നെ പാലിയേറ്റീവ് വളണ്ടിയറായി സേവനമനുഷ്ടിച്ച് തുടങ്ങിയിരുന്നു. ഇപ്പോൾ തരിയോട് പാലിയേറ്റീവിലെ സജീവ വളണ്ടിയറാണ്. സർക്കാർ തല പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മയുടെ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കൂടിയാണ് ശാന്തി. ഭർത്താവ് അനിൽ, ഏക മകൻ അശ്വിൻ.
പരിപാടിയിൽ വളണ്ടിയർമാരായ പി.കെ.മുസ്തഫ, പി.അനിൽകുമാർ, ജോർജ്ജ് ചെന്നലോട്, കെ.ടി.ഷിബു, ഫിസിയോതെറാപ്പിസ്റ്റ് സനൽരാജ്, ജൂലി ജോർജ്ജ്, ബീന അജു, ജെസ്സി സജി, സൂസി ബാബു, സൈന മുസ്തഫ, അജു തോമസ് തുടങ്ങിയവർ സംബന്ധിച്ചു.