ride
സോളോ റൈഡിനിറങ്ങിയ അമൃത ജോഷിയ്ക്ക് കോഴിക്കോട് ട്രാഫിക് നോർത്ത് എ.സി.പി പി.കെ.രാജു ആശംസയർപ്പിച്ചപ്പോൾ

കോഴിക്കോട്: 'ഒരു രാജ്യം, ഒറ്റ ജനത" എന്ന സന്ദേശവുമായി സ്കൂട്ടറിൽ രാജ്യസഞ്ചാരത്തിനിറങ്ങിയിരിക്കുകയാണ് അമൃത ജോഷി. കാസർകോട് കുമ്പളയിൽ നിന്നുള്ള ഈ 21-കാരിയുടെ ഇന്ത്യാ പര്യടനത്തിന് ഇന്നലെ കോഴിക്കോട്ട് തുടക്കമായി. 12,000 കിലോമീറ്റർ രണ്ടു മാസം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

'സി.ആർ.എഫ് വുമൺ ഓൺ വീൽസ് " ക്ലബ് അംഗമായ അമൃതയുടെ ആദ്യദീർഘദൂര സോളോ റൈഡാണിത്. നേരത്തെ സംഘടനയ്ക്ക് കീഴിൽ കാസർകോട് നിന്ന് കന്യാകുമാരിയിലേക്ക് 15 പെൺകുട്ടികൾക്കൊപ്പം സഞ്ചരിച്ചിരുന്നു.
പിതാവ് ജോഷിയായിരുന്നു അമൃതയ്ക്ക് എല്ലാം. വാഹനം ഓടിച്ച് പഠിപ്പിച്ചതും സഞ്ചാരം ശീലിപ്പിച്ചതുമെല്ലാം അദ്ദേഹമായിരുന്നു. പിതാവിന്റെ പെട്ടന്നുള്ള വിയോഗത്തിന്റെ ആഘാതത്തിൽ അമൃത ഏറെക്കാലം വീട്ടിനുള്ളിൽ തന്നെയായി. അതിനിടയിൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി. അമ്മയുടെയും കൂട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ വീണ്ടുമൊരു യാത്രയിലേക്ക് അമൃതയെ നയിക്കുകയായിരുന്നു.
കോഴിക്കോട്, കോയമ്പത്തൂർ, ചെന്നൈ, വിജയവാഡ, വിശാഖപട്ടണം,കൊൽക്കത്ത, സിലിഗുരി, സിക്കിം, അസാം, മേഗാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, അരുണാചൽ... ഇങ്ങനെയാണ് സഞ്ചാരവഴി.