കോഴിക്കോട്: മരുന്നു വാങ്ങാൻ ചെന്നാൽ നീണ്ട നേരം ക്യൂവിൽ നിന്ന് കൊവിഡ് കൂടി ഏറ്റുവാങ്ങാമെന്നായാലോ...?. ഒട്ടുമിക്ക ആരോഗ്യകേന്ദ്രങ്ങളിലും ഇപ്പോൾ ഫാർമസിയ്ക്കു മുന്നിൽ ആളൊഴിയാറില്ല. ആവശ്യത്തിനു ഫാർമസിസ്റ്റില്ലെന്നതു തന്നെ പ്രശ്നം. തുറന്നുവെക്കുന്ന സമയമത്രയും അറ്റം കാണാത്ത നിരയാണ് ചിലയിടങ്ങളിലെങ്കിലും.
ഏറ്റവുമൊടുവിൽ ആർദ്രം പദ്ധതി രണ്ടാംഘട്ടത്തിൽ അഞ്ഞൂറിൽപരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയപ്പോൾ മറ്റു തസ്തികകൾ ഒട്ടൊക്കെ ഭേദപ്പെട്ട നിലയിൽ സൃഷ്ടിച്ചതാണ്. എന്നാൽ, മരുന്നിനു പോലും വെച്ചില്ല ഒരു ഫാർമസിസ്റ്റിനെ. ആർദ്രം പദ്ധതി പ്രോട്ടോക്കോൾ പ്രകാരം ഒരു കുടുംബാരോഗ്യ കേന്ദ്രത്തിൽ ചുരുങ്ങിയത് രണ്ടു ഫാർമസിസ്റ്റ് വേണമെന്നാണ്. അതു തീരെ പാലിക്കപ്പെടാത്ത അവസ്ഥയായി.
ആർദ്രം ആദ്യഘട്ടത്തിൽ 675 പി.എച്ച്.സി കൾ എഫ്.എച്ച്.സികളായി മാറ്റിയപ്പോൾ ഫാർമസിസ്റ്റ് തസ്തികകൾ 150ൽ ഒതുങ്ങി. രണ്ടാം ഘട്ടത്തിൽ ഒരു ഫാർമസിസ്റ്റിനെ പോലും വെക്കാത്ത സാഹചര്യത്തിൽ അകത്തെ ഞെരുക്കം കുറച്ചൊന്നുമല്ല. ഫലത്തിൽ നീണ്ട ക്യൂവിൽ രോഗികൾക്ക് മണിക്കൂറുകൾ കാത്തുകഴിയേണ്ടി വരുന്ന ഗതികേടും.
വരുന്ന രോഗികളിൽ ഏതാണ്ട് എല്ലാവരും മരുന്നിനായി എത്താറുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം രാവിലെ 9 രാത്രി 8 മണി വരെയാക്കിയതോടെ ഒരു സ്ഥിരം ഫാർമസിസ്റ്റ് മാത്രമുള്ളിടത്ത് നില വല്ലാത്ത പരുങ്ങലിലായി. ഷിഫ്‌റ്റ് ഡ്യൂട്ടി എടുക്കാൻ ആരുമുണ്ടാവില്ല. ഇനി സ്റ്റാഫിന് അവധിയെടുക്കേണ്ടി വന്നാലുമില്ല പകരക്കാരൻ. പിന്നെ ഫാർമസി കൗണ്ടർ അടച്ചിടാനേ കഴിയൂ.
നിലവിലുള്ള ജോലിഭാരം താങ്ങാനാവാതെ തുടർന്നാൽ ഫാർമസിസ്റ്റുകൾക്കും പതിവായി മരുന്ന് കഴിക്കേണ്ടി വരുമെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു. പ്രൈവറ്റ് ആശുപ്രതികളിലും മറ്റും ശരാശരി നാലോ അഞ്ചോ ഫാർമസിസ്റ്റ് കാര്യങ്ങൾ നോക്കുമ്പോൾ സർക്കാർ കേന്ദ്രങ്ങളിൽ ഏകാംഗ സൈന്യത്തിന്റെ തലയിലാവുകയാണ് എല്ലാം. ജീവനക്കാരുടെ അഭാവത്തിൽ പലയിടത്തും താത്കാലികക്കാരെ നിയമിക്കുന്നതിനാൽ റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ഒട്ടുമിക്ക ജില്ലകളിലും ഒരു ഒഴിവ് പോലും ഇനിയും റിപ്പോർട്ട് ചെയ്തിട്ടില്ല. അനിശ്ചിതത്വം റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുംവരെ നീളുന്ന മട്ടിലാവുന്നു. വരാനിരിക്കുന്ന ആർദ്രം മൂന്നാം ഘട്ടത്തിലെങ്കിലും നിയമനമുണ്ടാകുമോ എന്ന ചോദ്യമുയർത്തുകയാണ് ഉദ്യോഗാർത്ഥികൾ.
 ആർദ്രം 1-ാം ഘട്ടത്തിൽ എഫ്.എച്ച്.സികളായി മാറിയത് 173 പി.എച്ച്.സികൾ
 അനുവദിച്ച തസ്തികകൾ
ഡോക്ടർമാർ - 17
നഴ്സുമാർ - 340
ലാബ് ടെക്‌നിഷ്യന്മാർ - 170
ഫാർമസിസ്റ്റുകൾ - 150
 ആർദ്രം 2-ാം ഘട്ടത്തിൽ എഫ്.എച്ച്.സികളായി മാറിയത് 502 പി.എച്ച്.സികൾ
 അനുവദിച്ച തസ്തികകൾ
ഡോക്ടർമാർ - 400
നഴ്സുമാർ - 400
ലാബ് ടെക്‌നിഷ്യൻ - 200
ഫാർമസിസ്റ്റുകൾ - 0