സുൽത്താൻ ബത്തേരി: വയനാട് പാക്കേജ് പദ്ധതിയിൽ ഉൾപെടുത്തി ജില്ലയിലെ ചെറുകിട നാമമാത്ര കർഷകരുടെ കാപ്പി വിപണി വിലയേക്കാൾ 10 രൂപ അധികം നൽകി സംഭരിക്കുന്നതിന്റെ ഉദ്ഘാടനം അമ്മായിപ്പാലത്തെ കാർഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തിൽ റവന്യു മന്ത്രി കെ.രാജൻ നിർവഹിച്ചു. നെൻമേനിയിലെ കാപ്പി കർഷകനായ എം.വി.വിശ്വനാഥനിൽ നിന്ന് കാപ്പി സംഭരിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.

വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 202122 സാമ്പത്തികവർഷം ജില്ലയ്ക്ക് 1335 ലക്ഷം രൂപയാണ് കൃഷി വകുപ്പ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കുരുമുളക് കൃഷി വികസനത്തിനും കാപ്പി കൃഷി വികസനത്തിനും 500 ലക്ഷം രൂപ വീതവും ഇഞ്ചി, മഞ്ഞൾ കൃഷിക്ക് 125 ലക്ഷം, മുള്ളൻകൊല്ലി പുൽപ്പള്ളി വരൾച്ച /വെള്ളപ്പൊക്ക നിവാരണ പദ്ധതിക്ക് 210 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 660 ലക്ഷം രൂപ ഇതുവരെ ചെലവഴിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഒ.ആർ.കേളു, ടി.സിദ്ദിഖ്, ബത്തേരി നഗരസഭ ചെയർമാൻ ടി.കെ.രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ, ജില്ലാ കാർഷിക സമിതി പ്രതിനിധി അമ്പി ചിറയിൽ, ആത്മ പ്രോജക്ട് ഡയറക്ടർ വി.കെ.സജി.മോൾ തുടങ്ങിയവർ സംസാരിച്ചു.

കാപ്പി സംഭരണം രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്ന്

ജനുവരി 31 വരെ രജിസ്റ്റർ ചെയ്ത ജില്ലയിലെ 1542 ചെറുകിട നാമമാത്ര കർഷകരിൽ നിന്നാണ് 10 രൂപ അധികം നൽകി കാപ്പി സംഭരിക്കുന്നത്. 100 കായ്ക്കുന്ന മരമെങ്കിലുമുള്ള കർഷകരിൽനിന്ന് ആദ്യഘട്ടത്തിൽ പരമാവധി 250 കിലോഗ്രാം വീതമാണ് ഉണ്ടകാപ്പി സംഭരിക്കുക. 445 ടൺ സംഭരിക്കുന്നതിന് 50 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അമ്മായിപ്പാലത്തുളള കാർഷിക മൊത്തവ്യാപാര വിപണി വഴിയാണ് സംഭരണം.

ജില്ലയിലെ മൂന്ന് ഏജൻസികൾക്കാണ് സംഭരണാനുമതിയുളളത്. കൽപ്പറ്റ ബ്ലോക്കിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും കാപ്പി ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സംഭരിക്കും. ബത്തേരി ബ്ലോക്കിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പുൽപ്പള്ളി, പൂതാടി, മുളളൻകൊല്ലി പഞ്ചായത്തുകളിലേത് വാസുകി ഫാർമേഴ്സ് സൊസൈറ്റിയും മാനന്തവാടി ബ്ലോക്കിലേത് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും സംഭരിക്കും.

സംഭരിച്ച് അഞ്ചു ദിവസത്തിനകം കർഷകരുടെ അക്കൗണ്ടിലേക്ക് വില നൽകും. ഗുണമേൻമ ഉറപ്പുവരുത്തിയാണ് ഉണ്ടകാപ്പി സംഭരിക്കുക

ജില്ലയിലെ ഏറ്റവും പ്രധാന വരുമാന മാർഗ്ഗമായ കാപ്പികൃഷി 67426 ഹെക്ടറിലാണ് വ്യാപിച്ചു കിടക്കുന്നത്. ഇതിൽ പ്ലാന്റേഷൻ ഒഴികെ ഏകദേശം മുപ്പതിനായിരത്തോളം ഹെക്ടർ ചെറുകിട നാമമാത്ര കർഷകരുടെ കൈവശത്തിലാണ്. വയനാട് പാക്കേജിൽ കാപ്പികൃഷി വികസനത്തിനായി അനുവദിച്ച 500 ലക്ഷത്തിൽ 105 ലക്ഷം രൂപ കാപ്പി കൃഷിയുടെ വ്യാപനത്തിനായും 150 ലക്ഷം നിലവിലെ കാപ്പിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിനായും 75 ലക്ഷം രൂപ ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും 120 ലക്ഷം രൂപ സൂക്ഷ്മ ജലസേചന സൗകര്യത്തിനും 50 ലക്ഷം രൂപ ചെറുകിട നാമമാത്ര കർഷകരുടെ കാപ്പി സംഭരണത്തിനുമാണ് വകയിരുത്തിയിട്ടുള്ളത്.