കോഴിക്കോട്: വാണിമേൽ പഞ്ചായത്തിലെ മാടാഞ്ചേരി, പന്നിയേരി, കുറ്റല്ലൂർ കോളനികളിലെ റോഡ് നിർമാണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിലെയും നിർവ്വഹണ ഏജൻസിയായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിലെയും എൻജിനീയർമാരടങ്ങുന്ന സംയുക്ത സമിതിയെ ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി നിയോഗിച്ചു. കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. കമ്മറ്റി യോഗത്തിനുശേഷം കോളനികളിലെ പ്രമോട്ടർമാർ, വാർഡ് മെമ്പർ, കോളനി നിവാസി പ്രതിനിധി എന്നിവരടങ്ങുന്ന സംഘം കളക്ടറെ നേരിൽ കണ്ട് പരാതി ബോധിപ്പിച്ചു.

പ്രവൃത്തിയുടെ മേൽനോട്ടത്തിന് അസിസ്റ്റന്റ് എൻജിനീയറെ നിയോഗിക്കാൻ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് പ്രവൃത്തി വേഗത്തിലാക്കാൻ കളക്ടർ ആവശ്യപ്പെട്ടു. ഇനം തിരിച്ച് പരിശോധിച്ച ശേഷമേ ബില്ല് പാസ്സാക്കാവൂ എന്നും നിർദ്ദേശിച്ചു.

ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ പി. സെയ്ദ് നയീം, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്.സലീഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.