മുക്കം: ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്ന കാരശ്ശേരിയിൽ പുതുതായി കരിങ്കൽ ക്വാറിക്ക് അനുമതി നൽകിയത് വിവാദത്തിൽ. കറുത്തപറമ്പിലാണ് പുതിയ ക്വാറിയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ കാരശ്ശേരി പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫിലും ഈ വിഷയം വിവാദമായിരിക്കുകയാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്വാറിക്ക് അനുമതി തൽകിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുന്നെങ്കിലും ധൃതി പിടിച്ച് അനുമതി നൽകിയതാണ് യു ഡി എഫിൽ അതൃപ്തിക്കിടയാക്കിയത്.ക്വാറിയിലേക്ക് 7 മീറ്റർ റോഡില്ലെന്നും ഇതിനടുത്ത് കുടിവെള്ള സ്രോതസ്സുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നും പറയുന്നുണ്ട്.
@ പ്രതിഷേധവുമായി എൽ.ഡി.എഫ്
കാരശ്ശേരിയിൽ പുതുതായി കരിങ്കൽ ക്വാറിക്ക് അനുമതി നൽകിയതിൽ എൽ.ഡി.എഫ്
പ്രതിഷേധിച്ചു. ഭരണ സമിതിയെ നോക്കുകുത്തിയാക്കി ക്വാറിക്ക് അനുമതി നൽകിയതിൽ ലക്ഷങ്ങളുടെ സമ്പത്തിക അഴിമതിനടന്നിട്ടുണ്ടന്നും അനുമതി ഉടൻ റദ്ദാക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു. നടപടി ഇല്ലാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ് പാർലമെന്ററി പാർടി യോഗത്തിൽ ഇ.പി. അജിത്ത് അദ്ധ്യക്ഷത വഹിച്ചു.കെ ശിവദാസൻ , എം.ആർ സുകുമാരൻ ,കെ.പി ഷാജി, ജിജിത സുരേഷ്, കെ.കെ നൗഷാദ്, ഷിജി സിബി, ശ്രുതി കമ്പളത്ത് എന്നിവർ പങ്കെടുത്തു.
അനുമതി നൽകിയത് ഭരണസമിതി അറിവോടെയല്ല. പ്രശ്നത്തിഷ സെക്രട്ടറിയോട് വിശദീകരണം ചോദിക്കും പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത