കോഴിക്കോട്: പയ്യാനക്കൽ പടന്ന വളപ്പിലെ താമസക്കാർക്ക് കോർപ്പറേഷനോട് ഒരപേക്ഷയേയുള്ളൂ, പ്രദേശത്തെ രണ്ട് തോടുകളിലെയും മാലിന്യം ഒന്ന് നീക്കിത്തരൂ... ഈ നിലയിൽ പോയാൽ പ്രദേശവാസികളെല്ലാം രോഗികളാകും.
തോടുകളിലെ മാലിന്യം നീക്കം ചെയ്യാതായിട്ട് വർഷങ്ങളായി. ഒഴുക്ക് നിലച്ചതോടെ കൊതുക് പെറ്റുപെരുകുകയാണ്. തോടിന്റെ ഇരുകരകളിലുമുള്ള വീട്ടുകൾ സ്വസ്ഥമായി ഉറങ്ങിയിട്ട് നാളുകളേറെയായി. കൊതുകിന്റെയും ഈച്ചയുടെയും ശല്യം കൂടാതെ അസഹ്യമായ നാറ്റവുമുണ്ട്. പ്രളയത്തിൽ നിരവധി വീടുകളിലേക്കാണ് തോട്ടിലെ മാലിന്യം അടിച്ചുകയറിയത്. മാലിന്യം നീക്കം ചെയ്യണമെന്ന് പ്ര ദേശവാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏകദേശം അഞ്ച് വർഷത്തോളമായി. എന്നാൽ അനുകൂല നടപടി ഒന്നും ഉണ്ടായില്ല . റസിഡൻസ് അസോസിയേഷനും പരാതികൾ നൽകിയിരുന്നു. ദുർഗന്ധം സഹിക്കവയ്യാതെ ചിലർ താമസം തന്നെ മാറി. മാലിന്യം നീക്കാൻ റസിഡൻസ് അസോസിയേഷൻ പണം സ്വരൂപിക്കാൻ തീരുമാനിച്ചപ്പോൾ മാലിന്യം നിക്ഷേപിക്കാൻ സ്ഥലമില്ലെന്ന് പറഞ്ഞ് കോർപ്പറേഷൻ തടയുകയായിരുന്നു. മാലിന്യം നിക്ഷേപിക്കാൻ നാട്ടുകാർ സ്ഥലം കണ്ടെത്തണമെന്നായിരുന്നു അന്നത്തെ വനിത കൗൺസിലറുടെ വിചിത്രമായ ആവശ്യം.
വോയ്സ് ഒഫ് കോഴിക്കോട് സൗത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യമന്ത്രി, എം.എൽ.എ, കളക്ടർ, മേയർ, ഡെപ്യൂട്ടി മേയർ, നാഷണൽ റൂറൽ ഹെൽത്ത് മിഷൻ, ഹെൽത്ത് ഓഫീസർ തുടങ്ങിയവരെ നേരിൽ കണ്ട് ദുരിതം ബോദ്ധ്യപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. കോർപ്പറേഷൻ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രദേവാസികൾ പറഞ്ഞു. നേരത്തെ പന്നിയങ്കര പത്താം സർക്കിൾ ഹെൽത്ത് ഓഫീസിൽ ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച കേസുകൾ കോഴിക്കോട് ഒന്നാം കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ് .
മാലിന്യം നീക്കം ചെയ്താൽ പിന്നീടുള്ള സംരക്ഷണം ഏറ്റെടുക്കൻ തയ്യാറാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.