
കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിൽ നോളജ് സിറ്റിയിലെ അനധികൃത നിർമ്മാണ പ്രവൃത്തികൾക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറന്മുള വിമാനത്താവളത്തിനെതിരെ സംഘടിപ്പിച്ച സമരത്തിന്റെ മാതൃകയിൽ ഇവിടെയും ശക്തമായ പ്രതിഷേധം ഉയർത്താനാണ് തീരുമാനം.
അനധികൃത നിർമ്മാണങ്ങൾക്കും ഗുരുതരമായ നിയമലംഘനത്തിനും സർക്കാർ ഒത്താശ ചെയ്യുകയാണ്. എല്ലാ വകുപ്പുകളും തെറ്റ് കണ്ടെത്തിയിയിട്ടും നിർമ്മാണം തുടരുന്നു. ഇത്രയും വലിയ നിർമ്മാണ പ്രവൃത്തി നടന്നിട്ടും അപകടമുണ്ടായപ്പോൾ മാത്രമാണ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയത്. കുന്നിടിച്ചും അരുവിയിലും പുഴയിലും പാലം കെട്ടിയുമാണ് നിർമ്മാണം നടക്കുന്നത്. പൂർവിക കാവുകളുടെയും ക്ഷേത്രത്തിന്റെയും സ്ഥലം അനധികൃത നിർമ്മാണം നടത്തുന്നവർ കൈയ്യേറിയിട്ടുണ്ടെന്നും ശശികല ആരോപിച്ചു.
തോട്ടഭൂമിയിൽ ഇത്തരം നിർമ്മാണം അനുവദിക്കില്ല. ഇതിനെതിരെ രാഷ്ട്രീയ പോരാട്ടവും നിയമ പോരാട്ടവും നടത്തും. വാർത്താസമ്മേളനത്തിൽ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സതീഷ് മലപ്രം, എം.സി. ഷാജി എന്നിവരും പങ്കെടുത്തു.