akashapatha
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്ന ആകാശപാത

 നീളം 172 മീറ്റർ; വീതി 13 അടി

കോഴിക്കോട്: സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളേജുകളുടെ നിരയിൽ രണ്ടാമത്തേതായി ഇവിടെ പൂർത്തിയായ ആകാശപാതയിൽ രോഗികളെ കൊണ്ടുപാകാനായി ബാറ്ററി കാറുകളുമുണ്ടാവും. ഒരേ സമയം ഇരു ദിശയിലേക്കു രണ്ടു ബാറ്ററി കാറുകൾക്ക് സഞ്ചരിക്കാനാവും.

മെഡിക്കൽ കോളേജ് ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, പി.എം.എസ്.എസ്‌.വൈ കാഷ്വാൽറ്റി ബ്ലോക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന ആകാശപാതയുടെ നിർമ്മാണം തുടങ്ങിയത് കഴിഞ്ഞ ജൂണിലാണ്. സ്റ്റീൽ സ്ട്രക്ചറിൽ തീർത്ത പാതയ്ക്ക് 172 മീറ്റർ നീളമുണ്ട്. വീതി 13 അടിയും.

ആശുപത്രിയിൽ നിന്നു മറ്റു ബ്ലോക്കുകളിലേക്ക് രോഗികളെ സ്ട്രെച്ചറിൽ റോഡിലൂടെ കൊണ്ടുപോകേണ്ടി വരുന്ന ദു:സ്ഥിതിയ്ക്ക് നാളെ ആകാശപാത തുറക്കുന്നതോടെ വിരാമമാവും. രാവിലെ 11ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവഹിക്കുക. ആരോഗ്യമന്ത്രി വീണ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.

കേരളത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ആദ്യ ആകാശപാത യാഥാർത്ഥ്യമായത്. കോഴിക്കോട്ട് വൈകാതെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടം കൂടി പാതയുടെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

 കൂട്ടായ്മയുടെ വിജയം

മുൻ മന്ത്രി ടി.പി.രാമകൃഷ്ണനാണ് ആകാശപാതയ്ക്ക് മുൻകൈ എടുത്തതെന്ന് പ്രൻസിപ്പൽ വി.ആർ. രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയ്ക്കായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ഒരു കോടി രൂപ നൽകിയപ്പോൾ പൂർവവിദ്യാർത്ഥികളും ഒരു കോടി രൂപ കൈമാറി. 2.25 കോടിയ്ക്കാണ് കോൺട്രാക്ടർ കെ.വി.സന്തോഷ്‌കുമാർ കരാറെടുത്തതെങ്കിലും രണ്ടു കോടിയാണ് ചെലവ്. കോഴിക്കോട് എൻ.ഐ.ടി യിലെ വിദഗ്ദ്ധരുടേതാണ് രൂപകല്പന.

ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഏറെ ആശ്വാസമേകുന്നവും ആകാശപാതയെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു. കൂട്ടായ്മയിലൂടെ നടപ്പാക്കിയ മാതൃകാപദ്ധതിയാണിത്. മെഡിക്കൽ കോളേജിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കും.

അഡിഷണൽ സൂപ്രണ്ട് ഡോ.കെ.പി.സുനിൽകുമാറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.