news
കുറ്റ്യാടി ചെറുപുഴ പാലത്തിന്റെ കൈവരി തകർന്ന നിലയിൽ

കുറ്റ്യാടി: മരുതോങ്കര ഉൾപെടെയുള്ള മലയോര പ്രദേശങ്ങളിലേക്കുള്ള കുറ്റ്യാടി മുള്ളൻകുന്ന് റോഡിലെ കുറ്റ്യാടി ചെറുപുഴപാലത്തിന്റെ കൈവരികൾ തകർനിലയിൽ.എതാനും മാസങ്ങൾക്ക് മുൻപാണ് കോടികൾ മുടക്കി ഈ റോഡ് റബറൈസ് ചെയ്തത്.എന്നാൽ വാഹനം ഇടിച്ച് പാലത്തിന്റ കൈവരി മൂന്ന് മീറ്ററോളം തകരുകയും ചെയ്തിരുന്നു.പ്രശ്നം വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടർന്ന് അപകട സാദ്ധ്യത മനസ്സിലാക്കി പ്രദേശത്തെ കച്ചവടക്കാർ താത്കാലികമായി മുളവേലി കെട്ടി സംരക്ഷിക്കുകയായിരുന്നു.തുടർന്ന് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ ഇരുമ്പുകമ്പികളും മറ്റ് നിർമ്മാണ വസ്തുക്കളും ശേഖരിച്ച് കൈവരി കെട്ടി സംരക്ഷിക്കുകയായിരുന്നു.

എന്നാൽ, അടുത്ത കാലത്ത് റോഡ് റബറൈസ് ചെയ്തപ്പോൾ യന്ത്രം തട്ടി കൈവരിയുടെ രണ്ട് മീറ്ററോളം ഭാഗം പൊട്ടിവീണു. പാലത്തിന്റെ സൈഡ് ഭിത്തിയിലുണ്ടായ വിടവിലൂടെ മുമ്പ് ഒരാൾ പുഴയിൽ വീഴുകയും ചെയ്തു.ഇത് കഴി ഞ്ഞ ദിവസം പരിസരവാസികൾ അടച്ചിട്ടുണ്ട്. കുറ്റ്യാടി ടൗണിനോട് ചേർന്ന തിരക്ക് അനുഭവപ്പെടുന്ന ഈ ഭാഗത്ത് കൂടി നിരവധി വാഹനങ്ങളും യാത്രക്കാരും കടന്ന് പോകുമ്പോൾ തകർന്ന കൈവരി അപകട ഭീഷണി ഉയർത്തുകയാണ്. ടൗണിനടുത്ത് തന്നെയുള്ള പാലമായിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.