
കോഴിക്കോട്: ഗുരുവായൂരപ്പൻ കോളേജ് റിട്ട. പ്രിൻസിപ്പലും സാമൂതിരി രാജകുടുംബാംഗവുമായ പ്രൊഫ.പി.സി. കൃഷ്ണവർമ്മ രാജ (76) മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ 'ചിത്രവെണ്മാട' ത്തിൽ അന്തരിച്ചു.
'ജന്മഭൂമി" കോഴിക്കോട് എഡിഷൻ പ്രിന്ററും പബ്‌ളിഷറുമാണ്. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റായിരുന്നു. സാമ്പത്തികശാസ്ത്ര അദ്ധ്യാപകനായിരുന്ന ഇദ്ദേഹം ഈ വിഷയത്തിൽ പുസ്തകങ്ങളെഴുതിയിട്ടുമുണ്ട്. യോഗാചാര്യൻ, ആദ്ധ്യാത്മിക പ്രഭാഷകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.
ബി.ജെ.പി സ്ഥാനാർത്ഥിയായി കോഴിക്കോട് കോർപ്പറേഷനിലേക്ക് 1987-ൽ ആഴ്ചവട്ടം ഡിവിഷനിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. തൃശാല ഭഗവതി ക്ഷേത്രം സെക്രട്ടറി, കച്ചേരിക്കുന്ന് സരസ്വതി വിദ്യാനികേതൻ വികസന സമിതി സെക്രട്ടറി, സനാതന ധർമ്മപരിഷത്ത് ഉപാദ്ധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിരുന്നു.
ഭാര്യ: കടന്നമണ്ണ കോവിലകത്ത് രാധ തമ്പുരാട്ടി. മക്കൾ: കെ.സി.സുചിത്ര വർമ്മ (അദ്ധ്യാപിക, കോഴിക്കോട് ശ്രീരാമകൃഷ്ണമിഷൻ സ്‌കൂൾ), സുമിത്ര വർമ്മ (സ്‌കൂൾ അദ്ധ്യാപിക, മുംബയ്). മരുമക്കൾ: പി.സി.ബിജുകൃഷ്ണൻ (ബിസിനസ് ), അനിൽ രാഘവ വർമ്മ (ഐ.ബി.എം, മുംബയ്).
സഹോദരങ്ങൾ: പി.സി.ശ്രീദേവി തമ്പുരാട്ടി (ഗുരുവായൂർ), പി.സി.സാവിത്രി തമ്പാട്ടി (മുംബയ്), പി.സി.കെ.രാജ (ടാറ്റ കോഫി ), പി.സി.എം.രാജ ( റിട്ട. ഗുരുവായൂരപ്പൻ കോളേജ്), പരേതരായ ഏടത്തി തമ്പുരാട്ടി, അനുജത്തി തമ്പാട്ടി (അങ്ങാടിപ്പുറം).
സംസ്‌കാരം മാങ്കാവ് കോവിലകം ശ്മശാനത്തിൽ നടത്തി.