
കോഴിക്കോട്: ആവിക്കലിലെ തീരാത്ത ആശങ്കയ്ക്ക് പിന്നാലെ കോതിയിലും എതിർപ്പ് രൂക്ഷമായതോടെ കോർപ്പറേഷൻ ഏറെ പ്രതീക്ഷയോടെ നടപ്പാക്കാനിരുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം പ്രതിസന്ധിച്ചുഴിയിൽ.
അമൃത് പദ്ധതിയിൽ ഉൾപ്പെടുന്ന നിർദ്ദിഷ്ട പ്ളാന്റുകൾ അടുത്ത വർഷം മാർച്ചോടെ പൂർത്തീകരിച്ചില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യമായിരിക്കും കോർപ്പറേഷനു നേരിടേണ്ടി വരിക. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ ആവർത്തിക്കുന്നുണ്ടെങ്കിലും ആ വഴിയ്ക്കുള്ള ശ്രമങ്ങൾ ലക്ഷ്യത്തിലേക്ക് നീങ്ങിയിട്ടില്ല.
രണ്ട് പദ്ധതികൾക്കുമായി നീക്കിവെച്ചത് 139. 5 കോടി രൂപയാണ്. എല്ലാ നടപടിക്രമങ്ങളും പൂർത്തായാക്കിയതിനു ശേഷം പദ്ധതി നടപ്പാക്കാൻ കഴിയാതെ വന്നാൽ കോർപ്പറേഷന് അതു വലിയ തിരിച്ചടിയാവും.
ആദ്യം അനുമതി ലഭിച്ചത് ആവിക്കലിൽ പ്ലാന്റ് നിർമ്മാണത്തിനാണ്. ആദ്യപടിയായി അവിടെ കഴിഞ്ഞ 31ന് മണ്ണ് പരിശോധനയ്ക്കെത്തിയവരെ തടഞ്ഞായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം. പിന്നാലെ തീരദേശ ഹർത്താലും വന്നു. പ്രാരംഭപ്രവൃത്തി ഒരാഴ്ചത്തേക്ക് നിറുത്തിവെക്കാമെന്നു ചർച്ചയിൽ ധാരണയായതോടെയാണ് പ്രതിഷേധം തത്കാലത്തേക്ക് അവസാനിപ്പിച്ചതായിരുന്നു. അതിനിടെയാണ് രണ്ടാമത്തെ പ്ലാന്റിനായി തീരുമാനിച്ച കോതിയിലും പ്രതിഷേധം പുകഞ്ഞുകൂടിയത്.
സംഘടിച്ച പ്രതിഷേധമുയർത്തിയ നാട്ടുകാർക്കെതിരെ കേസെടുത്ത നടപടിയിൽ വെള്ളയിൽ ഭാഗത്ത് കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. ഇടതുപക്ഷ കക്ഷികളുടേതൊഴികെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സമുദായ സംഘടനാ പ്രതിനിധികളും കഴിഞ്ഞ ദിവസം ചേർന്ന ജനകീയ സമര സദസ്സിൽ പങ്കെടുത്ത് സമരസമിതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പ്ലാന്റ് നിർമിക്കാൻ മഹാരാഷ്ട്രയിലെ സീമാക് ഹൈടെക് പ്രോഡക്ട്‌സും പൈപ്പിടുന്നതിന് അഹമ്മദാബാദിലെ നാസിത് ഇൻഫ്രാസ്‌ട്രക്ചർ കമ്പനിയുമാണ് ടെൻഡറെടുത്തത്. ഡി.പി.ആർ തയ്യാറാക്കിയ റാം ബയോളജിക്കൽസിനെതിരെ നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല:
മേയർ ഡോ.ബീന ഫിലിപ്പ്
ദ്രുതഗതിയിൽ നഗരവത്കരണം നടക്കുമ്പോൾ കോർപ്പറേഷന് ഒരു തരത്തിലും എസ്.ടി.പി പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാനാവില്ലെന്ന് മേയർ ഡോ.ബീന ഫിലിപ്പ് വ്യക്തമാക്കി.
മനുഷ്യവിസർജ്യത്തിൽ നിന്ന് ജലത്തിൽ കലരുന്ന ബാക്ടീരിയയുടെ അളവ് കോഴിക്കോട്ടെ കിണർവെള്ളത്തിൽ കൂടുതലാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. സംസ്ഥാനത്തെ ശരാശരി ജനസാന്ദ്രതയുടെ അഞ്ചിരട്ടി സാന്ദ്രതയുള്ള നഗരമാണ് കോഴിക്കോട്. പ്ലാന്റ് തീർത്തും ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം എങ്ങിനെ നടപ്പിലാക്കാനാകും?.
ഇവിടെ ഒന്നും മറച്ചുവെക്കാനില്ല. തോടുകളും കനാലുകളും മലിനീകരിക്കപ്പെട്ട അവസ്ഥയിലാണ്. റോഡരികിൽ കക്കൂസ് മാലിന്യം തള്ളുന്നതു നിഷേധിക്കാനുമാവില്ല. വീടുകളിൽ നിന്നുള്ള മാലിന്യം പൈപ്പിലൂടെ പ്ലാന്റിൽ എത്തിച്ച് ഖരവസ്തുക്കൾ വളമായി മാറ്റുകയും ദ്രവവസ്തുക്കൾ ശാസ്ത്രീയമായി സംസ്‌കരിച്ച് ശുദ്ധീകരിക്കുകയുമാണ് ചെയ്യുക. ആളുകൾ ഏറ്റവുമധികം അടുത്തുതാമസിക്കുന്ന സ്ഥലത്താണ് പ്ലാന്റ് വരേണ്ടത്. 13 എം.എൽ.ഡി പ്ലാന്റ് രണ്ടായി സ്ഥാപിക്കുന്നത് സ്ഥലപരിമിതി മൂലമാണ്.
നഗരത്തിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഈ സംവിധാനമുണ്ട്. യാതൊരു വിധ ദുർഗന്ധവുമുണ്ടാകുന്നില്ല. പരിഷ്‌കൃത സമൂഹം ശാസ്ത്രീയവശങ്ങൾ മനസ്സിലാക്കി അതിനൊപ്പം നിൽക്കുകയാണ് വേണ്ടത്. ആശങ്കകൾ പരിഹരിക്കപ്പെടണം. അതിനാണ് കോർപ്പറേഷൻ ശ്രമിക്കുന്നതും. നഗരത്തിലെ മഹാഭൂരിപക്ഷം ആളുകളും ഇതിനോടൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ.