e-office
റവന്യു ഇ - ഓഫീസ്

കോഴിക്കോട്: കോഴിക്കോടിനെ സമ്പൂർണ റവന്യു ഇ - ഓഫീസ് ജില്ലയായി മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് ഈ പട്ടികയിൽ രണ്ടാം സ്ഥാനമായി കോഴിക്കോടിന്. വയനാടാണ് ആദ്യജില്ല.

ഇന്നലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന റവന്യൂ ഓഫീസർമാരുടെ യോഗത്തിലായിരുന്നു പ്രഖ്യാപനം. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് ' എന്ന ആശയമാണ് സമ്പൂർണ ഇ - ഓഫീസിന്റേത്.

ജില്ലാ വികസനസമിതി, താലൂക്ക് വികസന സമിതി മാതൃകയിൽ സംസ്ഥാനത്ത് അടുത്ത മാർച്ചോടെ വില്ലേജ്തല ജനകീയസമിതി ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഇത് നിലവിൽ വരുന്നതോടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള പരാതികൾ അതിവേഗത്തിൽ പരിഗണിക്കം. മൂന്നാം വെള്ളിയാഴ്ചകളിൽ സമിതി യോഗം ചേരാനാണ് ഉദ്ദേശിക്കുന്നത്. ഭൂവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകും.

ഇ- ഓഫീസ് യാഥാർത്ഥ്യമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ജില്ലാ ഐ.ടി സെൽ കോ ഓർഡിനേറ്റർ പി.അജിത് പ്രസാദിന് മന്ത്രി ഉപഹാരം നൽകി. ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, സബ് കളക്ടർ വി.ചെൽസാസിനി, എ.ഡി.എം സി.മുഹമ്മദ് റഫീഖ്, അസിസ്റ്റന്റ് കളക്ടർ മുകുന്ദ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.