കൽപ്പറ്റ: നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി കൈനാട്ടി ജനറൽ ആശുപത്രിയും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും. കൽപ്പറ്റ നഗരസഭയും ശുചിത്വമിഷനും ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ആശുപത്രിയും പരിസരവും ശുചീകരണത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്നതോടൊപ്പം പ്ലാസ്റ്റിക് കവറുകൾക്കും മറ്റും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ബോധവൽക്കരണത്തിലൂടെ പ്ലാസ്റ്റിക് മുക്ത ആശുപത്രിയും പരിസരവും ലക്ഷ്യത്തിലെത്തിക്കാൻ ശ്രമിക്കും.
ഘട്ടംഘട്ടമായി നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ അർദ്ധ സർക്കാർ സ്വകാര്യ ഓഫീസുകളിലും വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും പ്ലാസ്റ്റിക്കിന് വിലക്കേർപ്പെടുത്തും.
പ്ലാസ്റ്റിക് മുക്ത ആശുപത്രി ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ന് രാവിലെ 10.30 ന് കൽപ്പറ്റ ജനറൽ ആശുപത്രി പരിസരത്ത് നടക്കും.
ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പരിപാടികൾ വിജയിപ്പിക്കാനും പ്ലാസ്റ്റിക് മുക്ത ആശുപത്രിയും പരിസരവും കൂടാതെ നഗരവും എന്നത് ലക്ഷ്യത്തിലെത്തിക്കാനും ജനകീയ പിന്തുണയോടെ നടപ്പാക്കാനാവുമെന്ന് മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് പറഞ്ഞു.