സുൽത്താൻ ബത്തേരി: ഇരുവൃക്കകളും തകരാറിലായ മലവയൽ ചെറുവരമ്പത്ത് വിനീതയുടെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നാട്ടുകാർ സമാഹരിച്ചത് പതിനേഴര ലക്ഷം രൂപ. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ പണ സമാഹരണത്തിനായി രംഗത്തിറങ്ങിയാണ് തുക കണ്ടെത്തിയത്. വീടുകൾ, കടകൾ, ആരാധനാലയങ്ങൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നെല്ലാം പണം സമാഹരിച്ചു.
ചികിൽസാ ചെലവിനുള്ള പണം ലഭിച്ചതോടെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ട നടപടികളും ആരംഭിച്ചു. വിനീത ചികിൽസാ സഹായ കമ്മറ്റി രൂപീകരിച്ചാണ് തുക കണ്ടെത്തിയത്. നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ചെയർപേഴ്സണും അർജുനൻ പിള്ള കൺവീനറും, വി.ജെ.വിൻസന്റ് ട്രഷററും വാർഡ് മെമ്പർ ദീപ ബാബുവും അടങ്ങുന്നതാണ് ചികിൽസാ സഹായ കമ്മറ്റി.
വാർഡ്‌മെമ്പർ ദീപ ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ തുക വിനീതയുടെ കുടുംബത്തിന് കൈമാറി. ജോർജ്ജ് മടായിക്കൽ, പി.എം.ബാബുരാജ്, റിജോഷ് ബേബി, ജിതിൻ, പി.ടി.ഹരിദാസൻ, ഫൈസൽ, പി.എം.മുഹമ്മദാലി എന്നിവർ സംസാരിച്ചു.