സുൽത്താൻ ബത്തേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂൾ അടച്ചതോടെ വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വായിക്കാൻ പുസ്തകമെത്തിച്ചു നൽകുകയാണ് ചെതലയത്തെ പൊതു പ്രവർത്തകനായ കുഞ്ഞുമുഹമ്മദ്.
വിദ്യാർത്ഥികൾക്ക് വായനയുടെ വാതായനങ്ങൾ തുറന്ന് നൽകുന്നതിനായി എറണാകുളത്തെ ഒരു കൂട്ടായ്മയുമായും ചില വ്യക്തികളുമായി സഹകരിച്ചാണ് ആദിവാസി കോളനികളും അംഗൻവാടികളും കേന്ദ്രീകരിച്ച് പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത്. പഠന പുസ്തകങ്ങളും വിവിധ കോഴ്സുകളെക്കുറിച്ചുള്ളതും, കുട്ടികൾക്കുള്ള ഗുണപാഠകഥകളുമടങ്ങിയ ചിത്ര പുസ്തകങ്ങളുമാണ് നൽകുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ് ബുക്കുകളുമുണ്ട്.
വായിച്ചുകഴിഞ്ഞാൽ പുസ്തകങ്ങൾ തിരികെ വാങ്ങി വീണ്ടും പുസ്തകങ്ങൾ നൽകും. കോളനികൾ കയറിയിറങ്ങിയാണ് പുസ്തക വിതരണം.

സ്‌കൂളുകളിൽ പോകാതെ വീടുകളിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് വായനയുമായുള്ള ബന്ധം വിട്ടുപോകാതിരിക്കുന്നതിന് വേണ്ടിയാണ് വീടുകളിൽ കുഞ്ഞുമുഹമ്മദ് പുസ്തകമെത്തിക്കുന്നത്.

നേരത്തെ ഇദ്ദേഹം ഓണം വിഷു, പെരുന്നാൾ, ക്രിസ്മസ് എന്നീ ആഘോഷവേളകളിൽ കോളനികളിലും മറ്റ് പാവപ്പെട്ടവർക്കും സൗജന്യമായി ഭക്ഷണവും തുണിത്തരങ്ങളുമെത്തിച്ച് നൽകിയിരുന്നു.


ഫോട്ടോ--പുസ്തകം
കുഞ്ഞുമുഹമ്മദ് നൽകിയ പുസ്തകങ്ങളുമായി പോകുന്ന കുട്ടികൾ