1
വനവാസി സമൂഹത്തിന് വീട് നിർമ്മാണത്തിനായി കണ്ടെത്തിയ സ്ഥലങ്ങളിലൊന്ന്

നാദാപുരം: നീണ്ട കാത്തിരിപ്പിനൊടുവിൽ വിലങ്ങാട് വനവാസി സമൂഹത്തിന് വിട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരിക്കെ, പുരധിവാസഭൂമി കൈമാറ്റം നാളെ നടക്കും.

ഭൂമി കൈമാറ്റം വൈകുന്നതിനെതിരെ വനവാസി ഗോത്ര സമൂഹത്തിന്റെ പ്രതിഷേധം ശക്തമായതോടെയാണ് തിങ്കളാഴ്ച ഭൂമിയുടെ നറുക്കെടുപ്പിന് റവന്യൂ വകുപ്പ് തീരുമാനിച്ചത്. 2018-ൽ വിലങ്ങാട് മലയോരത്തുണ്ടായ പ്രളയ ദുരന്തത്തിൽ ആദിവാസി കോളനിക്കാരും പെട്ടതോടെയാണ് പുനരധിവാസത്തിനായി നിരന്തരം മുറവിളി ഉയരുകയായിരുന്നു.

അടുപ്പിൽ, പനയംകുളം കോളനിയിലെ 65 വനവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി. വാണിമേൽ - വിലങ്ങാട് റോഡിൽ ഇതിനായി പല സ്ഥലങ്ങളും കളക്ടർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പരിശോധനാവിധേയമാക്കിയിരുന്നു. അനുയോജ്യമായ സ്ഥലം പെട്ടെന്നു കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പുനരധിവാസം വൈകാനിടയായി.

ഒടുവിൽ, വാണിമേൽ പഞ്ചായത്തിലെ ഉരുട്ടിയിൽ വീട് നിർമ്മാണത്തിനും പുനരധിവാസത്തിനുമുള്ള ഭൂമി കണ്ടെത്തുകയായിരുന്നു. ഒരു കുടുംബത്തിന് സ്ഥലത്തിനായി 6 ലക്ഷം രൂപയും വീട് നിർമ്മാണത്തിന് 4 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതനുസരിച്ച് 15 സെന്റ് മുതൽ 25 സെന്റ് ഭൂമി വരെ ലഭിക്കും.

നാളെ വിലങ്ങാട് സാംസ്കാരിക കേന്ദ്രത്തിൽ ആർ.ഡി.ഒ യുടെ നേതൃത്വത്തിലായിരിക്കും നറുക്കെടുപ്പ്. തുടർന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി സ്ഥലം ഉടമകൾക്ക് കൈമാറും. എത്രയും വേഗം കൈവശ രേഖകൾ കൈമാറി വീടു നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്ന് വടകര തഹസിൽദാർ പറഞ്ഞു.

വനവാസികളെ ഒന്നിച്ച് താമസിപ്പിക്കുമ്പോൾ എല്ലാം ഒരു കുടക്കീഴിൽ നടപ്പാക്കാനാകുമോ എന്ന പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. കളിസ്ഥലം, ശ്മശാനം, സാംസ്കാരിക നിലയം, കിന്റർഗാർട്ടൻ എന്നിവ കൂടി പണിയാനുള്ള പദ്ധതിയാണ് പരിഗണനയ്ക്ക് വന്നത്.