 
കോഴിക്കോട്: കുടുസുപാലത്തിൽ നിന്നുള്ള രക്ഷയ്ക്ക് ഇനിയുമേറെ കാത്തിരിപ്പ് വേണ്ടിവരില്ല. പുതിയപാലത്തുകാരുടെ സ്വപ്നപദ്ധതിയായ വലിയ പാലത്തിന്റെ നിർമ്മാണപ്രവൃത്തി അടുത്ത ജൂണോടെ തുടങ്ങിയേക്കും.
സ്ഥലം ഏറ്റെടുക്കൽ കുറേയൊക്കെ പൂർത്തിയായതാണ്. പാലത്തോടു ചേർന്നുള്ള കെട്ടിടങ്ങൾ ഏതാണ്ട് പൊളിച്ചുനീക്കിയിട്ടുമുണ്ട്. നിലമൊരുക്കൽ പ്രവൃത്തിയ്ക്ക് വേഗം കൂടുന്നുണ്ടെന്നിക്കെ, നാലു പതിറ്റാണ്ടു പഴക്കമുള്ള സ്വപ്നം യാഥാർത്ഥ്യത്തിന്റെ വഴിയിലേക്ക് ഏറെ വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് പുതിയപാലത്തുകാരും പരിസരവാസികളും.
പന്ത്രണ്ടു മീറ്റർ വീതിയിയിൽ പണിയുന്ന പാലത്തിന് കഴിഞ്ഞ മാസമാണ് സാങ്കേതിക അനുമതി ലഭിച്ചത്.
15.37 കോടി ചെലവിലാണ് നിർമ്മാണം. സ്ഥലം ഏറ്റെടുക്കൽ പരിപൂർണമായാൽ ടെൻഡർ നടപടികളിലേക്ക് കടക്കും. ഭൂമി ഏറ്റെടുത്ത വകയിലുള്ള നഷ്ടപരിഹാരത്തുകയടക്കം മൊത്തം 40.97 കോടിയുടെതാണ് പദ്ധതി. കേരള റോഡ് ഫണ്ട് ബോർഡ് വഴിയാണ് പദ്ധതി നടപ്പാക്കുക.
നിർമ്മാണം ആരംഭിച്ച് ഒന്നര വർഷത്തിനകം പാലം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കോരപ്പുഴ പാലത്തിന്റെ മാതൃകയിലായിരിക്കും ഇവിടെയും നിർമ്മാണം. ഇരുവശത്തുമായുള്ള നടപ്പാതയടക്കം 12 മീറ്ററായിരിക്കും പാലത്തിന്റെ വീതി.
കനോലി കനാലിന് കുറുകെ പുതിയപാലത്ത് 1942-ലാണ് ചെറിയ പാലം നിർമ്മിച്ചത്. നാലു പതിറ്റാണ്ട് മുമ്പ് എണപതുകളുടെ തുടക്കം തൊട്ടേ പുതിയ പാലത്തിനായുള്ള മുറവിളി ഉയർന്നുവന്നതാണ്. 2007ൽ വലിയ പാലമെന്ന ആവശ്യം അംഗീകരിക്കാൻ സംഘടിതശ്രമമുണ്ടായി. പ്രദേശവാസികൾ ആക്‌ഷൻ കമ്മറ്റി രൂപീകരിച്ച് രംഗത്തിറങ്ങി. തുടർന്ന് 2012-ൽ പാലം പണിയാൻ 40 കോടി അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപനം വന്നു. പക്ഷേ, അതു വർഷങ്ങളോളം കടലാസിൽ ഒതുങ്ങി. പിന്നീട് 2016-ലാണ് 50 കോടി അനുവദിച്ചത്. അപ്പോഴേക്കും തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതോടെ പിന്നെയും മരവിപ്പിലായി പദ്ധതി.
വിള്ളലുകൾ വീണ് പാലം അപകടാവസ്ഥയിലായതോടെ 2017-ൽ ഇതിലൂടെയുള്ള വാഹന ഗതാഗതം വിലക്കിയിരുന്നു. പാലം നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ അതിനിടയ്ക്ക് പുതിയപാലത്തിന് പേര് പൊളിഞ്ഞപാലം എന്നു പേര് മാറ്റിയുള്ള പ്രതിഷേധത്തിലേക്ക് വരെ കടന്നു. ഒടുവിൽ അനിശ്ചിതത്വം നീങ്ങിക്കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് ഇവിടത്തുകാർ.
പാലം പൂർത്തിയായാൽ മിനി ബൈപ്പാസിൽ നിന്ന് റെയിൽവേ സ്‌റ്റേഷൻ, തളി, കല്ലായി റോഡ് ഭാഗങ്ങളിലേക്ക് എളുപ്പമാർഗമാവും ഇത്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവൃത്തി ഏറെ വൈകാതെ തീരും. ഭൂമി ഏറ്റെടുക്കൽ അവശേഷിക്കുന്നതും ഉടൻ പൂർത്തിയാക്കും.