sarovaram

കോഴിക്കോട്: കൊവിഡ് മഹാമാരിയിൽ വന്നുപെട്ട അടച്ചിടലുകളിൽ നിന്നു ടൂറിസം മേഖല കരകയറാൻ തുടങ്ങിയിടത്തു നിന്നു വീണ്ടും വെള്ളത്തിലായ അവസ്ഥയായി. ഒമിക്രോൺ തരംഗം ഒന്നൊതുങ്ങി വരികയാണെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കെ, പ്രതിസന്ധി വിടാതെ തുടരുകയാണ്. ടൂറിസം കേന്ദ്രങ്ങൾ ഉണർന്നുകിട്ടാൻ കാത്തിരിപ്പ് എത്രത്തോളം നീളുമെന്നു ഒരു തിട്ടവുമില്ല. ഒട്ടുമിക്ക കേന്ദ്രങ്ങളിലെയും വരുമാനത്തിൽ വല്ലാത്ത താഴ്ച നേരിടുകയായിരുന്നു ഇടക്കാലത്ത്.

നേരത്തെ നീണ്ടുപോയ നിയന്ത്രണ കാലയളവ് പിന്നിട്ട് ടൂറിസം മേഖല വീണ്ടും സജീവമായിത്തുടങ്ങിയപ്പോൾ തെല്ലൊന്നു ആശ്വാസം വന്നതാണ്. രണ്ടാം തരംഗത്തിനു പിറകെ കഴിഞ്ഞ മാസങ്ങളിൽ സാമാന്യം ഭേദപ്പെട്ട വരുമാനം തന്നെ ലഭിച്ചിരുന്നു. അടച്ചിടലിൽ വല്ലാതെ മടുപ്പ് അനുഭവിക്കേണ്ടി വന്ന ആളുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി.

എന്നാൽ, ഒമിക്രോൺ കാറ്റ് ആഞ്ഞുവീശിയതോടെ സ്ഥിതി വീണ്ടും മാറി. ഒപ്പം ഞായറാഴ്ച ലോക്ക് ഡൗൺ കൂടിയായപ്പോൾ ടൂറിസം കേന്ദ്രങ്ങളുടെ നില കൂടുതൽ പരുങ്ങലിലായി.

പൊതുവെ അവധിദിവസമായ ഞായറാഴ്ചകളിലാണ് എവിടെയും തിരക്കുണ്ടാവുക. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‌ കീഴിലുള്ള സരോവരം ബയോപാർക്ക്‌, സാൻഡ്‌ ബാങ്ക്‌സ്‌, അരീപ്പാറ വെള്ളച്ചാട്ടം, കാപ്പാട് എന്നിവിടങ്ങളിലെല്ലാം സഞ്ചാരികൾ വീണ്ടും വൻതോതിൽ എത്താൻ തുടങ്ങിയിരുന്നു. ടൂറിസം മേഖലയ്ക്ക് മാത്രമല്ല അതുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്നവർക്കും പുത്തനുണർവ് കൈവന്നതാണ്. എന്നാൽ, ഇപ്പോൾ ആളുകളുടെ വരവ് തീരെ കുറഞ്ഞതോടെ ചെറുകിട കച്ചവടക്കാരുടെ കാര്യമുൾപ്പടെ തീർത്തും കഷ്ടത്തിലായി. പലർക്കും വാടക ഒപ്പിക്കാനുള്ള വരുമാനം പോലും കൈയിലെത്തുന്നില്ല. നിയന്ത്രണങ്ങൾക്ക് വൈകാതെ അയവ് വരുമെന്ന പ്രതീക്ഷയിലാണ് ഇവരൊക്കെയും.

'' മൂന്നാം തരംഗത്തിൽ വിനോദസഞ്ചാര മേഖലയ്ക്ക് ക്ഷീണം കുറച്ചൊന്നുമല്ല. ആൾക്കൂട്ടം പാടില്ലെന്നിരക്കെ സഞ്ചാരികളുടെ വരവ് നന്നേ കുറഞ്ഞപ്പോൾ വരുമാനത്തിലും ഇടിവുണ്ടായി.

നിഖിൽദാസ്, സെക്രട്ടറി

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ

 ടൂറിസം കേന്ദ്രങ്ങളിലെ

കണക്ക് ഇങ്ങനെ

(വരുമാനം ഡിസംബർ, ജനുവരി എന്ന ക്രമത്തിൽ)

1. കാപ്പാട്- 7,30,000 - 5,10,000

2. അരിപ്പാറ വെള്ളച്ചാട്ടം - 38,000 - 43,000

3. സരോവരം - 4,80,000 - 3,50,000

4. സാൻഡ്‌ ബാങ്ക്‌സ്‌ - 2,45,000 - 1,59,000