
രോഗബാധിതർ 2,071 ; 3,856 രോഗമുക്തർ
കോഴിക്കോട്: ജില്ലയിൽ കൊവിഡ്ബാധിതരുടെ എണ്ണം പിന്നെയും കുറഞ്ഞുതുടങ്ങി. ഇന്നലെ 2,071 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേതിനെ അപേക്ഷിച്ച് 400 കേസുകളുടെ കുറവുണ്ട്.
പ്രതിരോധത്തിന്റെ ഭാഗമായുള്ള ഞായർ ലോക്ക്ഡൗൺ നഗരത്തിലുൾപ്പെടെ പൂർണമായിരുന്നു. അവശ്യസാധനങ്ങളുടെ വില്പനയുള്ള കടകളൊഴികെ കമ്പോളം തീർത്തും അടഞ്ഞുകിടന്നു. ബസ്സുകൾ നിരത്തിലിറങ്ങിയതുപോലും അപൂർവമായിരുന്നു. സ്വകാര്യവാഹനങ്ങളുടെ അനാവശ്യ സഞ്ചാരവും കുറഞ്ഞു. പ്രധാന പോയിന്റുകളിലൊക്കെയും പൊലീസിന്റെ കർശന പരിശോധനയായിരുന്നു.
ഇന്നലെ പോസിറ്റീവായവരിൽ സമ്പർക്കം വഴിയാണ് 2,031 പേർക്കും രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത 22 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 16 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7,484 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജില്ലയിൽ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിലും വീടുകളിലും ചികിത്സയിലുള്ളവരിൽ 3,856 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 22,820 പേരാണ് രോഗബാധിതരായുള്ളത്. 34,512 പേർ ക്വാറന്റൈനിലുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് മരണം 5,225.
1,163 കിടക്കകൾ ഒഴിവ്
ജില്ലയിലെ 60 കൊവിഡ് ആശുപത്രികളിലായുള്ള 2,071 കിടക്കകളിൽ 1,163 എണ്ണം ഇപ്പോൾ ഒഴിഞ്ഞുകിടപ്പാണ്. 101 ഐ.സി.യു കിടക്കകളും 82 വെന്റിലേറ്ററുകളും ഓക്‌സിജൻ ലഭ്യതയുള്ള 489 കിടക്കകളും ഒഴിവുണ്ട്. 11 ഗവ. ആശുപത്രികളിലായി 180 കിടക്കകൾ, 20 ഐ.സി.യു, 37 വെന്റിലേറ്റർ, 192 ഓക്‌സിജൻ സഹിത കിടക്കകളും ബാക്കിയുണ്ട്. ഒരു സി.എഫ്.എൽ.ടി.സി യിലെ 50 കിടക്കകളിൽ ഏഴെണ്ണം ഒഴിവാണ്. മൂന്ന് എസ്.എൽ. ടി.സികളിലായി 358 എണ്ണവും ഒഴിവുണ്ട്.