news
കുറ്റ്യാടിയിൽ തീപ്പിടിത്തമുണ്ടായ സ്ഥലത്ത് പൊലീസ് ഡോഗ് സ്‌ക്വാഡിനെ എത്തിച്ചപ്പോൾ

കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ കടകളിൽ ശനിയാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം സ്ഥിരീകരിക്കാൻ ദിവസങ്ങളെടുത്തേക്കും. ഇന്നലെ ഈ കടകളിലും പരിസരത്തുമായി

വിരലളയാട വിദഗ്ദ്ധരും ഫോറൻസിക് വിഭാഗക്കാരും വിശദമായ പരിശോധന നടത്തി. ഡോഗ് സ്ക്വാഡുമെത്തിയിരുന്നു. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ നിന്നുള്ള വിദ്ഗ്ദർ അടുത്ത ദിവസം തന്നെ പരിശോധനയ്ക്കെത്തും. ഷോർട്ട് സർക്യൂട്ടാണോ അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്ന് അതിനു ശേഷമേ സ്ഥിരീകരിക്കാനാവൂ.

ആദായവില്പന കേന്ദ്രമായ ചന്ദനമഴയും രണ്ടു ചെരിപ്പുകടകളുമാണ് ഏതാണ്ട് പൂർണമായും കത്തിനശിച്ചത്. വി.കെ.സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ളതാണ് ചന്ദനമഴ. ചെരിപ്പുകടകൾ ബഷീർ കണ്ണങ്കോടൻ, വി.കെ.കബീർ എന്നിവരുടേതും.

വടകര ഫിങ്കർ പ്രിന്റ് ബ്ല്യൂറോയിലെ വിരലടയാള വിദഗ്ദ്ധൻ ജിജീഷ് പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ പൊലീസ് ഓഫീസർ ടി.എച്ച്.ബിനീഷും ഒപ്പമുണ്ടായിരുന്നു. ഫോറൻസിക് വിഭാഗത്തിലെ സയന്റിഫിക് ഓഫീസർ സബിനയുടെ നേതൃത്വത്തിൽ ശേഖരിച്ച സാമ്പിളുകൾ പൊലീസിന് കൈമാറി. ഇത് വിദഗ്ദ്ധ പരിശോധനയ്ക്കായി ഇന്ന് ലാബിലേക്ക് അയക്കും. ഡോഗ് സ്ക്വാഡിലെ "റോണി "യെ പയ്യോളിയിൽ നിന്നാണ് എത്തിച്ചത്.

ഡിവൈ.എസ്.പി ടി.പി.ജേക്കബ്, ഇൻസ്പെക്ടർ ടി.പി.ഫർഷാദ്, എസ്.ഐ പി.ഷമീർ, പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.