1
കുറ്റിക്കാട്ടൂരിലെ ഗതാഗതക്കുരുക്ക്

കോഴിക്കോട് : ഗതാഗത കുരുക്കിൽ ശ്വാസം മുട്ടി കുറ്റിക്കാട്ടൂർ നഗരം. മാവൂർ റോഡിലെ കുറ്റിക്കാട്ടൂർ ഭാഗത്തെ ഗതാഗത തടസം വെള്ളിപമ്പ് മുതൽ ആനക്കൂഴിക്കര വരെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ മണിക്കൂറുകളോളമാണ് റോഡിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത്.

നഗരത്തിലെ പ്രധാന ബസ് റൂട്ടായ ഇവിടെ ഇക്കാരം പറഞ്ഞ് ബസുകൾ ട്രിപ്പുകൾ മുടക്കുന്നുതും പതിവാകുകയാണ്.മാവൂർ, കൂളിമാട്, മുക്കം, അരീക്കോട്, എടവണ്ണപ്പാറ, കൊടിയത്തൂർ തുടങ്ങിയ ഇടങ്ങളിക്കെല്ലാമായി നിരവധി ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഈ ഭാഗങ്ങളിൽ നിന്നെല്ലാം ഓരോ ദിവസവും വിവിധ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് ആളുകളാണ് ഈ റോഡ് വഴി യാത്ര ചെയ്യുന്നത്. മെഡിക്കൽ കോളേജിലേക്ക് മാത്രമായി തന്നെ നൂറുകണക്കിനാളുകൾ ദിവസേന ഇതുവഴി വരുന്നുണ്ട്.

സാധാരണ ഈ ഭാഗത്ത് തിരക്ക് ഉണ്ടാകാറുണ്ടെങ്കിലും കൊവിഡ് വ്യാപനം ആരംഭിച്ചത് മുതലാണ് ഗതാകതക്കുരുക്ക് രൂക്ഷമായതെന്നും റോഡിന് ഇരുവശത്തുമായുള്ള വാഹന പാർക്കിംഗ് നിയന്ത്രിച്ചാൽ ഗതാഗത കുരുക്ക് ഒരുപരിധിവരെ കുറയ്ക്കാമെന്നും നാട്ടുകാർ പറയുന്നു. വ്യാപാരികളുമായി ചർച്ച നടത്തി പാർക്കിംഗിന് മികച്ച സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യവും ശക്തമാണ്. മിക്ക ദിവസങ്ങളിലും വൈകുന്നേരത്തോടെ പൊലീസെത്തിയാണ് ഗതാഗതക്കുരുക്കഴിക്കുന്നത്. പല ഇടങ്ങളിലും നേരത്തെ നടപ്പാക്കിയ പാർക്കിംഗിന് ഓരോ ദിവസവും ഓരോ ഭാഗങ്ങൾ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് പ്രദേശത്തുള്ളവർ നിർദ്ദേശിക്കുന്നത്.

തിരക്ക് കൂടുന്ന മുണ്ടുപാലം റോഡ് ചേരുന്ന ജംഗഷനിലും പെരിങ്ങളം റോഡ് ചേരുന്ന ജംഗ്ഷനിലും ട്രാഫിക്ക് പൊലീസിന്റെ സാന്നിധ്യം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയ ഇടപെടലുകൾ ഉണ്ടാവണമെന്ന് വ്യാപാരികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. മാവൂർ റോഡിലെ തിരക്കിനൊപ്പം മീറ്ററുകൾ മാത്രം വ്യത്യാസമുള്ള ഈ രണ്ട് റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ കൂടി എത്തുന്നതോടെയാണ് തിരക്ക് നിയന്ത്രണാധീതമാകുന്നത്. ഇതു രണ്ടും ബസ് റൂട്ടുകളുമാണ്.

ജില്ലയിലെ തന്നെ വലിയ ഫർണീച്ചർ വിപണി ഉൾപ്പെടെ നിരവധി കച്ചവട സ്ഥാനപങ്ങളാണ് കുറ്റിക്കാട്ടൂരിൽ ഉള്ളത്. സൂപ്പർ മാർക്കറ്റുകളും മറ്റുമായി വലിയ വികസനമാണ് അങ്ങാടിയിലുണ്ടാകുന്നത്. അതിന് അനുസരിച്ചുള്ള മാറ്റം ഇവിടെ ഉണ്ടാവണമെന്നാണ് ആവശ്യം.