 
 സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളേജുകളിൽ രണ്ടാമത്തേത്
 കാമ്പസിൽ ഡോ.എ.ആർ.മേനോന്റെ പ്രതിമയായി
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ തീർത്ത ആകാശപാതയുടെ കവാടങ്ങൾ തുറന്നു. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.
ആശുപത്രിയോടു ചേർന്നുള്ള ബ്ലോക്കുകളിലേക്ക് രോഗികളെ മഴയും വെയിലുമേൽക്കാതെ കൊണ്ടുപോകാനാവുമെന്നത് ഏറെ ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗവ. ആശുപത്രികളിലെ ഭൗതികസൗകര്യം ഇനിയും മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജ് ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, പി.എം.എസ്.വൈ ബ്ലോക്ക് എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ആകാശപാത. 172 മീറ്റർ നീളവും 13 മീറ്റർ വീതിയുമുണ്ട് പാതയ്ക്ക്. രോഗികളെ കൊണ്ടുപോകാൻ ഇവിടെ ബാറ്ററി കാറുകളുണ്ട്.
ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും മെഡിക്കൽ കോളേജ് പൂർവവിദ്യാർത്ഥി സംഘടനയുടെയും ധനസഹായത്തോടെയാണ് ആകാശപാതയുടെ നിർമ്മാണം പൂർത്തീകരിച്ചത്. നിർമ്മാണച്ചെലവ് 2.25 കോടി രൂപയാണ്.
ഓൺലൈനിലൂടെയായിരുന്നു ഉദ്ഘാടനം. ഇവിടെ ഡോ. സി.കെ.ജയറാം പണിക്കർ ഹാളിൽ ഒരുക്കിയ ചടങ്ങിൽ എം.കെ.രാഘവൻ എം.പി, കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉപഹാരം സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോർപ്പറേഷൻ കൗൺസിലർ കെ.മോഹനൻ, അഡിഷണൽ ചീഫ് സെക്രട്ടറി ആശ തോമസ്, ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.റംല ബീവി, ഭാരത് പെട്രോളിയം കോർപ്പറേഷൻ ജനറൽ മനേജർ ജോർജ്ജ് തോമസ്, കോഴിക്കോട് എൻ.ഐ.ടി സിവിൽ എൻജിനിയറിംഗ് വകുപ്പ് മേധാവി സന്തോഷ് ജി. തമ്പി, മെഡിക്കൽ കോളേജ് പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് ഡോ.ടി.പി.രാജഗോപാൽ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ.സി. ശ്രീകുമാർ, ഐ.ഡി.സി സൂപ്രണ്ട് ഡോ.കെ.പി.സൂരജ്, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സൂപ്രണ്ട് ഡോ.പി.വിജയൻ എന്നിവർ ആശംസയർപ്പിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സ്വാഗതവും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എം.പി ശ്രീജയൻ നന്ദിയും പറഞ്ഞു.
 പുതുമോടിയോടെ
ഓർത്തോ ഒ പി
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പി ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രഥമ ആരോഗ്യമന്ത്രി ഡോ.എ.ആർ.മേനോന്റെ പ്രതിമ അനാവരണവും അവർ നിർവഹിച്ചു.
നിപയും കൊവിഡും ഫലപ്രദമായി നേരിട്ട കോഴിക്കോട് മെഡിക്കൽ കോളേജിന് പുതിയ ഒ.പി കൂടുതൽ കരുത്താകുമെന്നു മന്ത്രി പറഞ്ഞു. ഇവിടെ ഇനി കൂടുതൽ പേർക്ക് സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാകും. 43.45 ലക്ഷം രൂപയാണ് നവീകരണച്ചെലവ്.
അഞ്ച് ലക്ഷം രൂപ ചെലവിലാണ് ഡോ.എ.ആർ.മേനോന്റെ പ്രതിമ പൂർത്തിയാക്കിയത്. ഉണ്ണി കാനായിയാണ് ശില്പി.