highway

കോഴിക്കോട്: പാവങ്ങാട് - ഉള്ള്യേരി - കുറ്റ്യാടി സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തിയ്ക്ക് വേഗമേറും. ഇത് ടാർഗറ്റ് റോഡായി കണക്കാക്കി നിശ്ചിതസമയത്തിനകം പൂർത്തിയാക്കിയിരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ റോഡ് യാഥാർത്ഥ്യമാവുന്നതോടെ ജില്ലയുടെ മുഖച്ഛായ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു.

രണ്ടു ഘട്ടങ്ങളിലായാണ് നവീകരണം നടക്കുക. റോഡിന് മൊത്തം 43. 20 കിലോ മീറ്റർ ദൈർഘ്യം വരും. പാവങ്ങാട് - ഉള്ള്യേരി റീച്ച് 17.60 കിലോമീറ്ററും ഉള്ള്യേരി - കുറ്റ്യാടി റിച്ച് 25.6 കിലോമീറ്ററുമുണ്ടാവും. ആദ്യഘട്ടത്തിന്റെ ഭൂമി ഏറ്റെടുക്കലിന് കൊയിലാണ്ടി സ്‌പെഷ്യൽ തഹസിൽദാർക്ക് ചുമതല നൽകിക്കഴിഞ്ഞു. അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സാങ്കേതികാനുമതിയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. സാങ്കേതികാനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കാൻ കഴിയുമെന്നും ചീഫ് എൻജിനിയർ പറഞ്ഞു. ഫെബ്രുവരി 18 നകം ടെൻഡർ നടപടി പൂർത്തീകരിക്കാനും മാർച്ച് പകുതിയോടെ അതിർത്തിക്കല്ലുകൾ മുഴുവൻ സ്ഥാപിക്കാനുമാണ് മന്ത്രിയുടെ നിർദ്ദേശം.

ഉള്ള്യേരി - കുറ്റ്യാടി ഘട്ടത്തിന്റെ വിശദ പദ്ധതിരേഖ മാർച്ച് 15 നു മുമ്പ് സമർപ്പിക്കാൻ ഡിസൈൻ വിഭാഗം ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. റോഡ് വികസനത്തിന്റെ സാദ്ധ്യതാപഠനത്തിനുള്ള കരട് അലൈൻമെന്റായിട്ടുണ്ട്.