
കോഴിക്കോട്: വിവാഹദിവസം രാവിലെ, താലികെട്ടിന് മണിക്കൂറുകൾ ശേഷിക്കേ, നഴ്സിംഗ് വിദ്യാർത്ഥിനിയായ വധുവിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മെഡിക്കൽ കോളേജിന് സമീപം കാളാണ്ടിത്താഴത്ത് നങ്ങോലത്ത് സുരേഷ് ബാബുവിന്റെയും സുനിതയുടെയും മകൾ മേഘയാണ് (30) മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയോടു ചേർന്നുള്ള നഴ്സിംഗ് സ്കൂളിൽ വിദ്യാർത്ഥിനിയാണ്. ഇതേ ആശുപത്രിയിൽ നഴ്സാണ് വരൻ. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിൽ വരനെയടക്കം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
വിവാഹദിനമായ ഇന്നലെ വധൂഗൃഹത്തിൽ കല്യാണ മണ്ഡപമടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. പുലർച്ചെ വധുവിനെ അണിയിച്ചൊരുക്കാൻ ബ്യൂട്ടിഷ്യൻ എത്തിയപ്പോൾ കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് മേഘ മുറിയിൽ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങി വരാതായപ്പോൾ വീട്ടുകാർ വാതിലിൽ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് ബാത്ത്റൂമിന്റെ വെന്റിലേറ്റർ പൊളിച്ച് നോക്കിയെങ്കിലും മേഘയെ കണ്ടില്ല. പിന്നീട് കിടപ്പുമുറിയുടെ ജനൽചില്ല് തകർത്ത് നോക്കിയപ്പോഴാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. വാതിൽ ചവിട്ടിപ്പൊളിച്ച് മേഘയെ താഴത്തിറക്കി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
ചേവായൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പരിശോധനയിൽ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ "എല്ലാ കാര്യങ്ങളും അവനറിയാം. ഒപ്പം ജീവിക്കാൻ കഴിയില്ല. എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്. " എന്നെഴുതിയിരിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇരുവരുടെയും സമ്മതത്തോടെ വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിൽ ഇവർക്കിടയിൽ വല്ല അസ്വാരസ്യങ്ങളും ഉണ്ടായോയെന്നു പരിശോധിക്കും.
പ്രാഥമിക അന്വേഷണത്തിൽ, തലേദിവസം വരെ വീട്ടിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ആകാശ് സഹോദരനാണ്.