വടകര: നഗരത്തെ മാലിന്യമുക്തമാക്കാൻ രാപ്പകൽ നെട്ടേട്ടമോടുമ്പോഴും പച്ചയുടെ കൂട്ടുകാരികളായ ഹരിതകർമ്മ സേന അവഗണനയുടെ കൂമ്പാരങ്ങളിൽ വീർപ്പുമുട്ടുന്നു. ജോലിഭാരം കൂടിയതും കൃത്യമായ വേതനവുമില്ലായ്മയാണ് ഇവരെ പ്രയാസത്തിലാക്കുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്രും ശേഖരിക്കുന്നതിലൂടെ പിരിച്ചെടുക്കുന്ന പണത്തിൽ നിന്നാണ് ഇവരുടെ വേതനവും മറ്റു ചെലവുകളും നിറവേറുന്നത്.
വീടുകളിൽ നിന്ന് 30 രൂപയും സ്ഥാപനങ്ങളിൽ നിന്ന് 50 രൂപയുമാണ് ലഭിക്കുന്നത്. മാലിന്യം നീക്കം ചെയ്യുന്നതിന് വാഹനവും ഡ്രൈവറെയും പഞ്ചായത്ത് അനുവദിക്കുന്നുണ്ടെങ്കിലും ഇന്ധനവും വാഹനത്തിനുണ്ടാവുന്ന അറ്റകുറ്റപ്പണികളും ചെയ്യേണ്ടത് ഹരിതസേന അംഗങ്ങളാണ്. ചെലവുകളെല്ലാം കഴിഞ്ഞ് ഓരോ അംഗത്തിനും നിത്യ വേതനമായി 350 രൂപയാണ് ലഭിക്കുന്നത്.
34 അംഗങ്ങളാണ് ഏറാമല പഞ്ചായത്തിൽ ഹരിതസേനയിൽ പ്രവർത്തിക്കുന്നത്. നേരത്തെ പ്ലാസ്റ്റിക്ക് മാത്രമായിരുന്നു ശേഖരിക്കേണ്ടിയിരുന്നതെങ്കിൽ ഇപ്പോൾ റെഡിമെഡ് സ്ഥാപനങ്ങളിൽ നിന്നും ടൈലറിംഗ് ഷോപ്പുകളിൽ നിന്നും മറ്റുമുള്ള ചെരുപ്പ് തുടങ്ങി ഉപയോഗശൂന്യ വസ്തുക്കളും ശേഖരിക്കണം. എന്നാൽ ഇവ സംസ്ക്കരണ കേന്ദ്രങ്ങളിലേക്ക് കയറ്റി അയക്കാൻ കിലോക്ക് 12 രൂപ തോതിൽ ഹരിത കർമ്മ സേനയ്ക്ക കൊടുക്കേണ്ടി വരികയാണ്. പ്ലാസ്റ്റിക്ക് കവറുകളടക്കം തമിൾ നാട് ലോബി പണം കൊടുത്ത് സ്വീകരിക്കുന്നതിനാൽ സ്ഥാപനങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ ലഭ്യമാകാത്തത് സേനയ്ക്ക് തിരിച്ചടിയാകുകയാണ്. ഇതോടൊപ്പം അന്യസംസ്ഥാനക്കാർ പ്ലാസ്റ്റിക്ക് വേസ്റ്റുകൾക്ക് വേണ്ടി ആവശ്യമില്ലാത്തവയടക്കം കൊണ്ടുപോയി മറ്റുള്ളവ തോടുകളിലും മറ്റും ഉപേക്ഷിക്കുന്നതിന്റെ പഴിയും സേനാ പ്രവർത്തകർക്കാണ്. കൂടാതെ ഹരിതസേന സംഭരിച്ചു വച്ചിട്ടുള്ള വേസ്റ്റ് ചാക്കുകൾ അഴിച്ച് പ്ലാസ്റ്റിക്കിനു വേണ്ടിയുള്ള അന്യസംസ്ഥാനക്കാരുടെ പരിശോധനയിൽ പരിസരം അലങ്കോലമാവുന്നതും സേനയ്ക്ക് ഇരട്ടി പണിയാകുകയാണ്. ഏറാമല ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള ഹരിത തീരം ജൈവവള നിർമ്മാണ പ്ലാന്റിൽ നിന്നും വള നിർമ്മാണവും നടത്തുന്നത് ഹരിത കർമ്മ സേനയുടെ അംഗങ്ങളാണ്. നാടും വീടും ശുചീകരിച്ച് ആരോഗ്യ പരിരക്ഷ ഉറപ്പ് നല്കുന്ന ഹരിത കർമ്മ സേനയോടുള്ള പൊതുമനോഭാവം മാറണമെന്നും ഹരിതകർമസേനകളുടെ പ്രവർത്തനം തിട്ടപ്പെടുത്തുന്നതിന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നുമുള്ള ആവശ്യം ശക്തമാണ്.
ഗഹരിത കർമ്മ സേന അംഗങ്ങൾക്ക് ഇ.എസ്.ഐ ഏർപ്പെടുത്തി ഇൻഷൂർ പരിരക്ഷ വേണം വൈ: പ്രസി: സുജാത
''ഏറാമലയിൽ .34 പേരുള്ള ഹരിത കർമ്മ സേനാംഗങ്ങളെ ഗ്രൂപ്പ് ഇൻഷൂർ പദ്ധതിയിൽ ചേർത്തിട്ടുണ്ട്. അടുത്ത മാസം മുതൽ ദിവസവേതനം 400 രൂപയാക്കാൻ തീരുമാനമുണ്ട്''-
വി.ഒ അനീഷ്