കൽപ്പറ്റ: ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി മുനിസിപ്പൽ പരിധിയിലെ എട്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുതുക്കി പണിയുന്നു. ഉപയോഗ ശൂന്യമായി കിടക്കുന്നവയും ദ്രവിച്ച് നിലം പൊത്താറായവയുമാണ് ഉടനെ നവീകരിക്കുന്നത്.
കൈനാട്ടി ജനറൽ ആശുപത്രിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ നേരിട്ടുപണിതിരിക്കുകയാണ്. ശേഷിക്കുന്ന ഏഴെണ്ണവും സ്‌പോൺസർഷിപ്പിലൂടെയാണ് നിർമ്മിക്കുന്നത്. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തെ ഇരുവശത്തുമുള്ള രണ്ട് വെയിറ്റിംഗ് ഷെഡുകളും പുതുക്കി പണിയും. കോടതി സമുച്ചയത്തിന് സമീപമുള്ള നിലവിലുള്ള പഴകിയ ഷെഡ് പൊളിച്ച് മാറ്റി പുതുതായി നിർമ്മാണം തുടങ്ങി. സിവിൽ സ്റ്റേഷൻ എതിർവശത്തുള്ള ഷെഡ് മാറ്റി പുതിയത് പണിയും.
എച്ച്.ഐ.എം.യു.പി സ്‌കൂൾ, കനറാ ബാങ്ക്, പൊലീസ് സ്റ്റേഷൻ എന്നീ സ്ഥാപനങ്ങളുടെ സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഉടനെ പുതുക്കി പണിയും. കൈനാട്ടി ജനറൽ ആശുപത്രിക്ക് സമീപം നിർമ്മിച്ച വെയ്റ്റിംഗ് 10 ന് തുറക്കും.

ക്യാപ്ഷൻ ........ കൈനാട്ടി ജനറൽ ആശുപത്രിക്ക് സമീപം നഗരസഭ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം