കൽപ്പറ്റ: പന്നി ഫാമിൽ നിന്ന് കുടിവെള്ള സ്രോതസ്സിലേക്ക് മലിനജലം ഒഴുക്കിവിടുന്നതായുള്ള പരാതിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പരാഹാരമായി.
പൊഴുതന സ്വദേശി ഷാജിബാബു സമർപ്പിച്ച പരാതിയിലാണ് നടപടി. അദ്ദേഹത്തിന്റെ വീടിന് സമീപം കുറ്റിപ്ലാക്കൽ ചാക്കോ എന്നയാൾ നടത്തുന്ന പന്നിഫാമിൽ ഗുരുതര മലിനീകരണ പ്രശ്നങ്ങളുണ്ടെന്നായിരുന്നു പരാതി. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് പൊഴുതന ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
പന്നിഫാമിന് ലൈസൻസ് നൽകുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളെല്ലാം ഫാം ഉടമയ്ക്ക് ലഭ്യമായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കുടിവെള്ള സ്രോതസ്സിലേക്ക് മലിനജലം ഒഴുക്കിവിടുന്നു എന്ന പരാതിയിൽ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
പരാതിക്കാരന്റെ ജലസ്രോതസ്സിൽ നിന്ന് എട്ട് മീറ്റർ ദൂരത്തിൽ പ്രത്യേകം കുഴിയുണ്ടാക്കി ഫാമിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നതിന് ഫാം ഉടമയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പൊഴുതന ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പ്രത്യേകം കുഴിയുണ്ടാക്കിയതായി ഫാം ഉടമ പഞ്ചായത്തിനെ അറിയിച്ചതിനെ തുടർന്ന് കേസ് തീർപ്പാക്കി.