രാഹുൽ ഗാന്ധിയുടെ അഭിനന്ദനം

കൽപ്പറ്റ: അഞ്ച് പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനായി സൈക്കിളിൽ ഭാരത പര്യടനം നടത്തുന്ന റനീഷിനും നിജിനും രാഹുൽ ഗാന്ധി എം.പിയുടെ അഭിനന്ദനം. അമ്പലവയൽ സ്വദേശികളായ റനീഷിനും നിജിനും രാഹുൽ ഗാന്ധിയുടെ പ്രശംസാപത്രം കാസർകോട് വെച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി കൈമാറി. നിർധനർക്ക് വീടുകൾ പണിയുന്നതിനുള്ള ഫണ്ട് സ്വരൂപിക്കാനുള്ള നിങ്ങളുടെ മഹത്തായ ദൗത്യത്തെ അഭിനന്ദിക്കുന്നുവെന്ന് രാഹുൽ ഗാന്ധി സന്ദേശത്തിൽ പറഞ്ഞു. ഒരു മാസത്തിനിടെ ഒരു ലക്ഷത്തിലധികം രൂപ സമാഹരിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. നിങ്ങളുടെ ഉദ്യമം ആളുകളിലെ സഹജമായ നന്മയെ ആകർഷിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും സന്ദേശത്തിൽ പറഞ്ഞു.

ഒന്നരവർഷത്തോളം ഇന്ത്യ ചുറ്റിസഞ്ചരിച്ച് ഒരു രൂപ വീതം സംഭാവനയായി വാങ്ങി ലക്ഷ്യം പൂർത്തീകരിക്കാൻ ഇറങ്ങിത്തിരിച്ച ഈ ചെറുപ്പക്കാർ മത്സരങ്ങളുടെ ലോകത്തെ യഥാർത്ഥ മനുഷ്യരാണെന്ന് തെളിയിച്ചതായി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.